വെളിച്ചത്തിന്റെ ഉത്സവ മേളം
text_fieldsഷാർജയിലെങ്ങും വർണവെളിച്ചങ്ങളുടെ ആഘോഷമാണ്. വർഷങ്ങളായി വൈവിധ്യമാർന്ന വിനോദസഞ്ചാര പരിപാടികളാൽ സമ്പന്നമായ ഷാർജലൈറ്റ് ഫെസ്റ്റിവൽ വീണ്ടും വെളിച്ചം വിതറുകയാണ്. വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും പ്രധാന ആകർഷണമായ ഷാർജ ലൈറ്റ് ഫെസ്റ്റ് ഈ മാസം 19 വരെ നീണ്ടുനിൽക്കും. പതിവുപോലെ പൊതുജനങ്ങൾക്ക് ആസ്വാദ്യകരവും വിനോദപ്രദവുമായ അനുഭവം പ്രദാനം ചെയ്യുതുകൊണ്ടാണ് ഇത്തവണയും ഫെസ്റ്റിവൽ എത്തിയിരിക്കുന്നത്.
എമിറേറ്റിലെ 13 ഇടങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി വർണവെളിച്ചം തൂകുന്നത്. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് സംഘാടകർ. 12 ദിവസം നീണ്ടുനിൽക്കുന്ന ലൈറ്റ് ഫെസ്റ്റിവലിൽ ലൈറ്റ് ഷോകൾ, ആർട്ട് ഡിസ്േപ്ലകൾ, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും വേണ്ടിയുള്ള വിനോദപരിപാടികൾ തുടങ്ങിയവ അരങ്ങേറും. ഷാർജയുടെ സാംസ്കാരിക, ബൗദ്ധിക, പൈതൃകത്തിന്റെ കഥകൾ പറയുന്ന മിന്നുന്ന ലൈറ്റ് ഷോകൾ, സംഗീതം, പ്രത്യേക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിന് പ്രാദേശിക, അന്തർദേശീയ കലാകാരന്മാർക്കുള്ള വേദിയായും ഫെസ്റ്റിവൽ വളർന്നു കഴിഞ്ഞു. ഷാർജയിലെ പ്രധാന കെട്ടിടങ്ങളിലെല്ലാം വെളിച്ചംവീശുന്ന മേളകൂടിയാണ്. ഏഴ് അന്താരാഷ്ട്ര കലാകാരന്മാർ ഉൾപ്പെടുന്ന ഒരു കൂട്ടം കലാകാരന്മാരുടെ ആകർഷകമായ വിനോദ പരിപാടികളാണ് ഫെസ്റ്റിവൽ ഈ വർഷം ജനങ്ങൾക്ക് സമ്മാനിക്കുന്നത്.
ഷാർജ മുനിസിപ്പാലിറ്റി ഉൾപ്പെടെ എമിറേറ്റിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ സ്പോൺസർ ചെയ്യുന്നത്. ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ബീഅ, ഷാർജ എയർപോർട്ട് അതോറിറ്റി, യൂനിവേഴ്സിറ്റി ഓഫ് ഷാർജ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർഹെറിറ്റേജ്, ഗവൺമെന്റ് മീഡിയ ബ്യൂറോ, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി എന്നിവരും പങ്കാളികളാണ്.
ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ അർദ്ധരാത്രി 12 വരെയുമാണ് പ്രതിദിന ലൈറ്റ് ഷോകൾ നടക്കുക. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം നാല് മുതൽ അർദ്ധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ പുലർച്ച് ഒന്ന് വരെയും ലൈറ്റ് വില്ലേജ് തുറന്നിരിക്കും. യൂനിവേഴ്സിറ്റി സിറ്റി ഹാൾ, അൽനൂർ മസ്ജിദ്, ഖാലിദ് ലഗൂൺ, ഷാർജ മസ്ജിദ്, അൽ മജാസ് വാട്ടർഫ്രണ്ട്, ഷാർജ ഫോർട്ട്, അൽ ഹംരിയ മുനിസിപ്പാലിറ്റി കെട്ടിടം, അൽ ദൈദ് ഫോർട്ട്, ഖോർഫക്കാനിലെ അൽ റഫീസ അണക്കെട്ട്, കൽബ ക്ലോക്ക്ടവർ, ദിബ്ബ അൽ ഹിസ്നിലെ ശൈഖ് റാഷിദ് ബിൻ അഹമ്മദ് അൽ ഖാസിമി മസ്ജിദ്, ബീഅ ഗ്രൂപ്പിന്റെ ആസ്ഥാനം എന്നിവിടങ്ങളിൽ സന്ദർശകർക്ക് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ആസ്വദിക്കാം.
സന്ദർശകർക്ക് 19,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലൈറ്റ് വില്ലേജ് ആസ്വദിക്കുകയും 41 ഇമാറാത്തികളുടെ ഉടമസ്ഥതയിലുള്ള ചെറുതും വലുതുമായ പരമ്പരാഗത ഭക്ഷണ പാനീയങ്ങൾ, മധുരപലഹാരങ്ങൾ, വിവിധ പ്രോജക്ടുകൾ എന്നിവയും ലഭ്യമാണ്. ലൈറ്റ് മ്യൂസിയം ഗെയിമുകൾ, വിനോദ പ്രവർത്തനങ്ങൾ, ലൈവ് ഷോകൾ എന്നിവയും ഈ വർഷത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.