ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി ഏഴ് മുതൽ
text_fieldsഷാർജ: സാംസ്കാരിക നഗരമായ ഷാർജ നിറങ്ങളിൽ തിളങ്ങുന്ന ലൈറ്റ് ഫെസ്റ്റിവലിന്റെ 13ാം എഡിഷൻ ഫെബ്രുവരി ഏഴ് മുതൽ 18 വരെ അരങ്ങേറും. ആഗോള പ്രശസ്തരായ കലാകാരൻമാർ രൂപകൽപന ചെയ്ത ദൃശ്യങ്ങളാൽ ഷാർജയിലെ സാംസ്കാരികവും പ്രകൃതിദത്തവുമായ കെട്ടിടങ്ങളും സംവിധാനങ്ങളും മിന്നിത്തിളങ്ങുന്ന ഫെസ്റ്റിവൽ ദിനങ്ങൾ അവിസ്മരണീയമായ കാഴ്ചയാണ് സന്ദർശകർക്ക് ഒരുക്കാറുള്ളത്.
ഇത്തവണ എമിറേറ്റിലെ 12 സ്ഥലങ്ങളിലായി 12 ദിവസങ്ങളിൽ ലൈറ്റ് ഷോകൾ അരങ്ങേറും. വൈകുന്നേരം ആറുമുതൽ രാത്രി 11 വരെയാണ് ഷോകൾ ആസ്വദിക്കാനാവുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അർധരാത്രി വരെ ഷോകളുണ്ടാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പൊലീസ്, ജനറൽ സൂഖ് -അൽ ഹംരിയ, കൽബ വാട്ടർഫ്രണ്ട് എന്നിവയാണ് ഈ വർഷം പുതുതായി മേളയിൽ ചേർത്ത മൂന്ന് ലൊക്കേഷനുകൾ. ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബീഅ ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് കോട്ട, ഷാർജ മോസ്ക്, ശൈഖ് റാശിദ് അൽ ഖാസിമി മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ റാഫിസ ഡാം എന്നിവയാണ് ഷോ അരങ്ങേറുന്ന മറ്റു സ്ഥലങ്ങൾ.
അതോടൊപ്പം ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി ഹാൾ കെട്ടിടത്തിന് മുന്നിൽ സ്ഥിതിചെയ്യുന്ന ലൈറ്റ് വില്ലേജിൽ 55ലധികം ദേശീയ പദ്ധതികളുടെ ഷോകൾ ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കും. ഷാർജ വാണിജ്യ, വിനോദസഞ്ചാര വികസന വകുപ്പാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ ലൈറ്റ് ഫെസ്റ്റിവൽ കാണാൻ 13 ലക്ഷം സന്ദർശകർ എത്തിയിരുന്നു. ലൈറ്റ് വില്ലേജ് കാണാൻ മാത്രം 1.84 ലക്ഷം പേർ കഴിഞ്ഞ തവണയെത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.