ഉപേക്ഷിക്കപ്പെട്ട 7171 വാഹനങ്ങൾ ഷാർജ മുനിസിപ്പാലിറ്റി കണ്ടുകെട്ടി
text_fieldsഷാർജ: നമ്പർ പ്ലേറ്റ് ഇല്ലാത്തതുൾപ്പെടെ ഉപേക്ഷിക്കപ്പെട്ട 7171 വാഹനങ്ങൾ ഷാർജ മുനിസിപ്പാലിറ്റി കണ്ടുകെട്ടി. 1248 പോപ്അപ് ഷോപ്പുകൾ നീക്കം ചെയ്തു.
2021ലും 2022ന്‍റെ ആദ്യ പാദത്തിലും നടത്തിയ 44,000 പരിശോധന കാമ്പയിനുകളിലൂടെയാണ് ഇത്രയും വാഹനങ്ങൾ കണ്ടുകെട്ടിയത്. നഗരത്തിന്‍റെ പൊതുരൂപത്തെ വികലമാക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. നഗരത്തിന്‍റെ ഭംഗി സംരക്ഷിക്കാനും താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ മുനിസിപ്പൽ ഇൻസ്പെക്ഷൻ ടീമുകൾ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ശൈത്യകാലത്ത് തിരക്കേറിയ പ്രദേശങ്ങളിൽ ശുചിത്വം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നുണ്ടെന്നും ഷാർജ മുനിസിപ്പാലിറ്റിയിലെ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്‍റ് ഡയറക്ടർ ആദെൽ ഒമർ പറഞ്ഞു. നഗരഭംഗി വികലമാക്കുന്ന എല്ലാ നീക്കങ്ങളും നിരീക്ഷിക്കാൻ മുനിസിപ്പാലിറ്റി 41 പരിശോധന നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
1,248 പോപ്അപ് ഷോപ്പുകളും റാൻഡം മാർക്കറ്റുകളും നീക്കം ചെയ്തതായും ഒമർ വിശദീകരിച്ചു. ഈ മാർക്കറ്റുകളിലേക്ക് വ്യാജവസ്തുക്കൾ വിതരണം ചെയ്തതിനാലാണ് നടപടി. ഷാർജ എൻവയേൺമെന്‍റ് കമ്പനിയുമായി ഏകോപിപ്പിച്ചാണ് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചത്. വിവിധ സ്ഥലങ്ങളിലായി 286 പരസ്യബോർഡുകളും നഗരസഭ നീക്കം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.