കീട നിയന്ത്രണം സജീവമാക്കി ഷാർജ മുനിസിപ്പാലിറ്റി
text_fieldsഷാർജ: കീടനിയന്ത്രണ പ്രവർത്തനങ്ങൾ സജീവമാക്കി ഷാർജ മുനിസിപ്പാലിറ്റി. എമിറേറ്റിലെ 1.63 ലക്ഷം ഭാഗങ്ങളെ ലക്ഷ്യംവെച്ചാണ് കാമ്പയിനിൽ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഡിജിറ്റൽ കെണികൾ, ഫോഗിങ് മെഷീനുകൾ, പറക്കുന്ന കീടങ്ങളെ നേരിടാൻ അൾട്രാ-ഫൈൻ മിസ്റ്റ് സ്പ്രേയറുകൾ എന്നിവ കാമ്പയിൻ കാലയളവിൽ ഉപയോഗിക്കുന്നുണ്ട്.
കീടാണുക്കൾ വളരുന്ന ബ്രീഡിങ് സൈറ്റുകൾ കണ്ടെത്തി അണുമുക്തമാക്കുന്ന പരിശോധനയും മുനിസിപ്പാലിറ്റിയുടെ നടപടികളിൽ ഉൾപ്പെടും. വിവിധതരം കെണികൾ ഉപയോഗിച്ചും പ്രത്യേക സ്ഥലങ്ങളിൽ പെട്ടികൾ സജ്ജീകരിച്ചും എലികളെ നിയന്ത്രിക്കുന്ന നടപടികളും സജീവമാക്കി.
ശൈത്യകാലത്തും മറ്റും മുനിസിപ്പാലിറ്റി നടത്തിവരുന്ന വിവിധ കീടനിയന്ത്രണ പദ്ധതികളുടെ തുടർച്ചയാണ് പുതിയ കാമ്പയിനെന്ന് പബ്ലിക് ഹെൽത്ത് ആൻഡ് സെൻട്രൽ ലബോറട്ടറീസ് ഡയറക്ടർ ആദിൽ ഉമർ പറഞ്ഞു. കൊതുകുകൾ വർധിക്കുന്നത് തടയുക, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രാണികളുടെ വ്യാപനം തടയുക എന്നിവയാണ് പ്രധാനമായും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പൂന്തോട്ടങ്ങൾ, കെട്ടിടങ്ങളുടെ അകത്തളങ്ങൾ, മലിനജല തുറസ്സുകൾ, ഈത്തപ്പനകൾ, വെള്ളക്കെട്ടുകൾ, നീന്തൽക്കുളങ്ങൾ, തോട്ടങ്ങളിലെ ജലസേചന ടാങ്കുകൾ, കിണറുകൾ, എ.സികളിലെ വെള്ളം തുടങ്ങി വ്യത്യസ്ത ഭാഗങ്ങൾ പരിശോധനയിൽ ലക്ഷ്യമിടുന്നുണ്ട്.
കൊതുകുകളുടെയും മറ്റു പ്രാണികളുടെയും പ്രജനന സ്ഥലങ്ങളെന്ന നിലയിലാണ് ഇവിടങ്ങളിൽ അണുനശീകരണം നടത്തുന്നത്. കൂടാതെ, വെള്ളക്കെട്ടുകളും മാലിന്യം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും പ്രത്യേക കീടനാശിനി പ്രയോഗിക്കുന്നുണ്ട്. അതുപോലെ ജൈവ കീടനാശിനികളും പ്രാണികളുടെ വളർച്ച റെഗുലേറ്ററുകളും ഉപയോഗിച്ചും നിയന്ത്രണ നടപടി സ്വീകരിക്കുന്നുണ്ട്.
പറക്കും കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വൈവിധ്യമാർന്ന കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. പ്രകൃതിദത്ത വസ്തുക്കളിൽനിന്ന് വികസിപ്പിച്ചതിനാൽ ഇവ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.