പേടി വേണ്ട; സൈബർ ചതികൾ അറിയിക്കണം
text_fieldsദുബൈ: സൈബർ ബ്ലാക്ക്മെയിൽ അടക്കം ഓൺലൈൻ രംഗത്ത് വിവിധ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി ഷാർജ പൊലീസ്.
ഇരകൾ ഭീതി കാരണമായും നിയമനടപടികളുടെ സങ്കീർണത ആലോചിച്ചും ഇത്തരം സംഭവങ്ങൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ പൂർണ രഹസ്യാത്മകത സൂക്ഷിക്കുമെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു.
സൈബർ സുരക്ഷ, സൈബർ ക്രൈം എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റാൻ ലക്ഷ്യമിട്ടാണ് ‘ജാഗ്രത പാലിക്കുക’ എന്ന തലക്കെട്ടിൽ ബോധവത്കരണം സംഘടിപ്പിക്കുന്നത്. അൽ സാഹിയ മാളിൽ കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രി. ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ നിർവഹിച്ചു.
താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും വിവിധ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കാമ്പയിനിന്റെ ഭാഗമായി ബോധവത്കരിക്കും. ഇ-ബ്ലാക്ക്മെയിൽ, ടെലിഫോൺ തട്ടിപ്പ്, ഇലക്ട്രോണിക് കോപ്പിയടി, ഹാക്കിങ് തുടങ്ങിയ വിഷയങ്ങളിലെ പ്രത്യേകമായ നിർദേശങ്ങൾ അൽ സാഹിയ മാളിൽ ഒരുക്കിയ സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കായി വിദ്യാഭ്യാസപരമായ ഗെയിമും ഒരുക്കിയിട്ടുണ്ട്. പത്തുദിവസം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിലാണ് ബോധവത്കരണ സാമഗ്രികൾ ഒരുക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥരും സൈബർ ക്രൈം വിദഗ്ധരും അൽ സാഹിയ സിറ്റി സെന്ററിലെ കാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരിൽ ഭൂരിഭാഗവും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെ ബോധവത്കരണ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഖമീരി പറഞ്ഞു.
സൈബർ ബ്ലാക്ക്മെയിലിന് ഇരയാകുന്നത് സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമായതിനാൽ സ്വകാര്യ ഫോട്ടോകളും വിഡിയോകളും ചോർന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യാൻ ഷാർജ പൊലീസിന് ഒരു പ്രത്യേക പൊലീസ് വനിതാ ടീമുണ്ടെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ നിയമം സൈബർ കുറ്റകൃത്യങ്ങൾക്ക് തടവും പിഴയും ശിക്ഷ നൽകുന്നുണ്ട്.
ഒരു വർഷത്തിൽ കുറയാത്ത തടവും 250,000 ദിർഹത്തിൽ കുറയാത്തതും 10 ലക്ഷം ദിർഹത്തിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയതോ ആണ് ശിക്ഷ. സിറ്റി സെന്റർ അൽ സഹിയയിലെ ‘ബി അവെയർ’ പ്ലാറ്റ്ഫോം സന്ദർശിച്ച് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നും മനസ്സിലാക്കണമെന്ന് ഷാർജ പൊലീസ് എല്ലാവരോടും ആവശ്യപ്പെട്ടു.
ഷാർജയിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം
- 06-5943446 അല്ലെങ്കിൽ 06-5943228 എന്ന നമ്പറിൽ വിളിക്കുക
- 06-5616096 എന്ന നമ്പറിലേക്ക് ഫാക്സ് അയക്കുക
- +971559992158ലേക്ക് ഒരു വാട്സ്ആപ് സന്ദേശം അയക്കുക
- ഇ-മെയിൽ: tech_crimes@shjpolice.gov.ae
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.