പണമില്ലാതെ കുടുങ്ങിയ സഞ്ചാരിയെ സഹായിച്ച് ഷാർജ പൊലീസ്
text_fieldsഷാർജ: പണമില്ലാത്തതിനാൽ യു.എ.ഇയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായ വിനോദസഞ്ചാരിയെ സഹായിച്ച് ഷാർജ പൊലീസ്. എയർപോർട്ട് റോഡിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് പാലത്തിനടിയിലെ പുല്ലിൽ വിശ്രമിക്കുന്ന വിനോദ സഞ്ചാരിയെ കണ്ടെത്തിയത്. തളർന്ന് വിവശനായ നിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് പണമില്ലാതെ പ്രയാസത്തിലായത് അറിയുന്നത്.
സൈക്കിളിൽ യു.എ.ഇ ചുറ്റിക്കറങ്ങാനായി ഏപ്രിൽ മാസത്തിൽ എത്തിയതായിരുന്നു റഷ്യക്കാരനായ സഞ്ചാരി. പണമില്ലാതായതോടെ മടങ്ങാൻ മറ്റുവഴികളില്ലാതാവുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാൽ ആരോടെങ്കിലും വിഷയം പങ്കുവെക്കാനും സാധിച്ചില്ല. ഇതോടെയാണ് റോഡരികിൽ കഴിഞ്ഞത്.
വിവരങ്ങൾ മനസ്സിലാക്കിയ പൊലീസ് ഇയാൾക്ക് ഹോട്ടൽ ബുക്ക് ചെയ്തും യാത്രക്ക് വിമാനടിക്കറ്റും എടുത്തു നൽകി. പൊലീസ് നൽകിയ സഹായത്തിന് നന്ദി പറഞ്ഞ ഇയാൾ പിന്നീട് നാട്ടിലേക്ക് മടങ്ങി. യു.എ.ഇയുടെ മാനുഷികമായ പരിഗണനയിൽ വളരെയധികം ആകൃഷ്ടനായതായും ഇദ്ദേഹം പറഞ്ഞു. ഇമാറാത്തിലെ ജനങ്ങളും സംവിധാനങ്ങളും വളരെ ദയാവായ്പുള്ളവരാണ്. വിവിധ രാജ്യക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിലും ഇവിടെയാർക്കും വംശീയതയില്ല. ഇത് വളരെ അപൂർവമായ ഒരു കാര്യമാണ്.
എനിക്ക് യു.എ.ഇയെ വളരെ ഇഷ്ടമാണ്. അതിമനോഹരമായ സ്ഥലങ്ങൾ കാണാനും ഒന്നിലധികം സംസ്കാരങ്ങൾ എങ്ങനെ സഹകരിച്ച് നിലനിൽക്കുമെന്ന് നേരിട്ടുകാണാനും ഇവിടെ സന്ദർശിക്കുന്നതിലൂടെ തിരിച്ചറിയാനാകും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.