ശൈത്യകാല ക്യാമ്പുകൾ ശല്യമാകരുതെന്ന് ഷാർജ പൊലീസ്
text_fieldsഷാർജ: തണുപ്പിന് കുളിരുകൂടും തോറും മരുഭൂമികളിൽ ക്യാമ്പിങ്ങിനെത്തുന്നവരുടെ എണ്ണവും അനുദിനം വർധിക്കുകയാണ്. ഇരുട്ടുമൂടി കിടക്കുന്ന മരുഭൂമിയിൽ കനലെരിയാൻ തുടങ്ങി. അറബി കാപ്പിയുടെയും വെന്ത മാംസത്തിെൻറയും കൊതിപ്പിക്കുന്ന മണവുമായി തണുത്ത കാറ്റും കറങ്ങി നടക്കുന്നുണ്ട്. തണുപ്പുകാലം മരുഭൂമിയുടെ ആഘോഷക്കാലമാണെങ്കിലും പരിസരവാസികളെയും മറ്റും ശല്യപ്പെടുത്തിയുള്ള ക്യാമ്പിങ് അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
ക്യാമ്പിങ് മേഖലകളിൽ പട്രോളിങ്ങിനായി പ്രത്യേക വിഭാഗത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ക്യാമ്പ് ചെയ്യരുതെന്നും പ്രധാന റോഡുകളിലും പ്രകൃതിസംരക്ഷണ മേഖലകളിലും പൊതുസുരക്ഷക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മോട്ടോർ ബൈക്ക് ഓടിക്കരുതെന്നും പൊലീസ് ഓർമപ്പെടുത്തുന്നു. പടക്കം പൊട്ടിക്കുക, പാർട്ടികൾ സംഘടിപ്പിക്കുക, ശല്യപ്പെടുത്തുന്ന തരത്തിലുള്ള സംഗീതം എന്നിവക്കും നിയന്ത്രണമുണ്ട്. മരങ്ങൾ നശിപ്പിക്കുക, മാലിന്യം വലിച്ചെറിയുക, ഗതാഗത തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുവാനും ക്യാമ്പ് ചെയ്ത ഭാഗം വൃത്തിയാക്കി പോകാനും അധികൃതർ നിർദേശിക്കുന്നു. ക്യാമ്പിങ് സൈറ്റുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ 1000 ദിർഹം പിഴ ചുമത്തും. പലരും കൊണ്ടുവന്ന ഉപകരണങ്ങളും സാധന-സാമഗ്രികളും മാത്രമല്ല, വളർത്തുനായെ വരെ ഉപേക്ഷിച്ചാണ് പോകുന്നതെന്ന് ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് അബ്ദുല്ല മുബാറക് ബിൻ അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.