യാചകർക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്
text_fieldsഈ വർഷം പിടിയിലായത് ആയിരത്തിലേറെ പേർ
ഷാർജ: യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരായ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ആയിരത്തിലേറെ പേരാണ് പൊലീസ് കാമ്പയിനിൽ പിടിയിലായത്. യാചകർ, നിയമവിരുദ്ധമായി വെള്ളക്കുപ്പികൾ, സിഗരറ്റുകൾ, നമസ്കാര പായകൾ തുടങ്ങിയവ വിൽക്കുന്നവർ എന്നിങ്ങനെ 875 പുരുഷന്മാരും 236 സ്ത്രീകളും ഈ വർഷം പിടിയിലായതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇവരിൽ 166 പേർ പിടിയിലായത് റമദാൻ മാസത്തിലാണ്. ചില യാചകർ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായാണ് ഭിക്ഷ യാചിക്കാൻ ഇറങ്ങുന്നതെന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നും പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഷാർജ പൊലീസിന്റെ പ്രത്യേക സംഘംതന്നെ ഇത്തരക്കാരെ പിടികൂടുന്നതിന് പ്രവർത്തിക്കുന്നുണ്ട്. ദിവസം മുഴുവൻ നിരീക്ഷണം നടത്തുന്ന സംഘം എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും തടയുന്നതിനാണ് നടപടി സ്വീകരിക്കുന്നത്. യാചന പലപ്പോഴും മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. യാചകരെ പിടികൂടിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റവാളികളെ കുറിച്ച് ഷാർജ താമസക്കാർക്ക് പൊലീസിനെ വിവരമറിയിക്കാൻ അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. 901 എന്ന നമ്പറിലോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റിന്റെ ഹോട്ട്ലൈനായ 80040ലോ വിളിച്ച് റിപ്പോർട്ട് ചെയ്യാം. പൊലീസിന്റെ വെബ്സൈറ്റ് വഴിയോ സ്മാർട് ആപ്ലിക്കേഷൻ വഴിയോ പരാതി നൽകാനും കഴിയും. യു.എ.ഇയിൽ ഭിക്ഷാടനത്തിനിടെ പിടിയിലായാൽ മൂന്നുമാസം തടവും കുറഞ്ഞത് 5,000 ദിർഹം പിഴയുമാണ് ശിക്ഷ. ഭിക്ഷാടകരുടെ സംഘങ്ങളെ നയിക്കുന്നവർക്കും രാജ്യത്തിന് പുറത്തുനിന്ന് ആളുകളെ ഭിക്ഷാടനത്തിനായി റിക്രൂട്ട് ചെയ്യുന്നവർക്കും ആറുമാസം തടവും 1,00,000 ദിർഹം വരെ പിഴയും ലഭിക്കും. ഷാർജയിലെ പൊലീസ് നടപടി ശക്തമായതോടെ ഭിക്ഷാടകരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.