തടവറയിൽ അക്ഷരവെളിച്ചമെത്തിക്കാൻ ഷാർജ പൊലീസ്
text_fieldsഷാർജ: വായനയുടെ വെളിച്ചം തടവുകാർക്കും പകർന്നു നൽകാൻ ഷാർജ ജയിലധികൃതർ. എക്സ്പോ സെന്ററിൽ തുടരുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നിന്നാണ് തടവുകാർക്കായി ജയിലധികൃതർ കഴിഞ്ഞ ദിവസം പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയത്. വ്യാഴാഴ്ച മേളയിലെത്തിയ ജയിൽ ഉദ്യോഗസ്ഥർ ഇന്ത്യൻ പവിലിയനിൽ നിന്നാണ് കൂടുതൽ പുസ്തകങ്ങൾ വാങ്ങിയത്.
ഡി.സി ബുക്സ്, മാതൃഭൂമി, ഐ.പി.എച്ച് അടക്കമുള്ള മലയാള പ്രസാധകരിൽനിന്ന് ഏതാണ്ട് 2500 ദിർഹമിന്റെ പുസ്തകങ്ങൾ വാങ്ങുകയുണ്ടായി. എല്ലാവർക്കും വായനയൊരുക്കുകയാണ് ലക്ഷ്യമെന്ന് തടവുകാർക്കുള്ള പുസ്തകങ്ങൾ വാങ്ങാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്ന ഖൽഫാൻ സാലിം ഖൽഫാൻ, അബ്ദുൽ ലത്തീഫ് മുസ്തഫ അൽഖാലി എന്നിവർ പറഞ്ഞു.
മലയാളി സാമൂഹിക പ്രവർത്തകരും മേളയിൽ തടവുകാർക്കുള്ള പുസ്തക ശേഖരണ സംഘത്തിന്റെ ഭാഗമാവുകയുണ്ടായി. മലയാളി തടവുകാർക്കായാണ് മലയാള പുസ്തകങ്ങൾ വാങ്ങിയത്. മികച്ച കഥകളും കവിതകളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളായിരുന്നു വാങ്ങിയ പുസ്തകങ്ങളിൽ ഏറെയും.
എമിറേറ്റിലെ സർക്കാർ ലൈബ്രറികൾക്കായി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.