ലഹരിമരുന്ന് തിരിച്ചറിയാൻ ഷാർജ പൊലീസിന്റെ ആധുനിക സംവിധാനം
text_fieldsഷാർജ: രാജ്യത്തെത്തുന്ന ലഹരിമരുന്ന് തിരിച്ചറിയാൻ ഷാർജ പൊലീസ് ഉപയോഗിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ. ഇ-സിഗരറ്റിനുള്ളിലും സൗന്ദര്യവർധക വസ്തുക്കളിലും കണ്ണീർതുള്ളികളുടെ രൂപത്തിലുമാണ് മനുഷ്യനിർമിത മയക്കുമരുന്നുകൾ കൂടുതലായും ഉപയോഗിക്കുന്നത്. തിരിച്ചറിയാൻ ഏറെ പ്രയാസകരമായ ഇവ നൂതന സംവിധാനങ്ങളുപയോഗിച്ചാണ് തിരിച്ചറിയുന്നത്. അടുത്തിടെ രാജ്യത്തേക്ക് കടത്താൻശ്രമിച്ച മനുഷ്യനിർമിത പുതിയ മയക്കുമരുന്നുകൾ ഷാർജ പൊലീസ് കണ്ടെത്തിയിരുന്നു.
ഗുളികകൾ, പൊടികൾ, ദ്രാവകങ്ങൾ, ഖരപദാർഥങ്ങൾ, ഹെർബൽ വസ്തുക്കൾ, വിഷവാതകം, തീയുടെ അവശിഷ്ടം, ആൽക്കഹോൾ, പെട്രോളിയം വസ്തുക്കൾ, വിലപിടിപ്പുള്ള ലോഹം, സ്ഫോടകവസ്തു, പടക്കം, കീടനാശിനി, വിഷവസ്തു തുടങ്ങി സംശയം തോന്നുന്ന വസ്തുക്കൾ ഷാർജ പൊലീസ് പിടികൂടി ലബോറട്ടറിയിലേക്ക് അയക്കുന്നു. മുമ്പ് ഒരേ സമയം 80 സാമ്പിളുകളായിരുന്നു പരിശോധിക്കാൻ സാധിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരേസമയം 300 സാമ്പിൾ ഒരുമിച്ച് പരിശോധിക്കാൻ കഴിയും. ഒരു മണിക്കൂറിനുള്ളിൽ കൃത്യവും വ്യക്തവുമായ ഫലങ്ങൾ ലഭിക്കുന്നുവെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ലബോറട്ടറി ഡിപ്പാർട്മെന്റ് ആക്ടിങ് ഹെഡ് കേണൽ അദേൽ അഹമ്മദ് അൽ മസ്മി പറഞ്ഞു.
ലബോറട്ടറിയുടെ കെമിക്കൽ ആൻഡ് ടോക്സിക് അനാലിസിസ് ബ്രാഞ്ചും മൂന്ന് യൂനിറ്റുകളുമാണ് ലഹരിപദാർഥങ്ങളെ നിർണയിക്കുന്നത്. കഞ്ചാവിനെക്കാൾ നൂറുമടങ്ങാണ് മനുഷ്യനിർമിത മയക്കുമരുന്നുകളുടെ ശക്തിയെന്ന് ഇവർ പറയുന്നു. ശക്തമായ മനുഷ്യനിർമിത മയക്കുമരുന്നുകൾക്ക് മാരകമായ പ്രത്യാഘാതങ്ങളുണ്ടാകും. ഹൃദയമിടിപ്പ് വർധിക്കൽ, ഉത്കണ്ഠ, മാനസികപ്രശ്നങ്ങൾ, അപസ്മാരം, ഹൃദയാഘാതം, തുടങ്ങി ഗുരുതരമായ രോഗങ്ങളും ഇതിന്റെ പാർശ്വഫലങ്ങളാണ്. ഇവ ഉപയോഗിക്കുന്നവരിൽ മരണനിരക്കും വളരെ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.