ഷാർജ പബ്ലിക് ലൈബ്രറിക്ക് 25 ലക്ഷം ദിർഹം ഗ്രാൻഡ്
text_fieldsഷാർജ കുട്ടികളുടെ വായനോത്സവ വേദിയിലെ ദൃശ്യം
ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ പബ്ലിക് ലൈബ്രറിക്ക് 25 ലക്ഷം ദിർഹം ഗ്രാൻഡ് അനുവദിച്ചു. ഷാർജ എക്സ്പോ സെന്ററിൽ പുരോഗമിക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ 15ാം എഡിഷനിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നും ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായാണ് ഗ്രാൻഡ് അനുവദിച്ചത്. പ്രാദേശികവും ആഗോള തലത്തിലുള്ളതുമായ പുസ്തക വ്യവസായത്തെ സഹായിക്കുന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഗ്രാൻഡ് അനുവദിച്ചിരിക്കുന്നത്.
ഷാർജ ഭരണാധികാരിയുടെ ഉദാരമായ ഗ്രാന്റ് യു.എ.ഇയിലെയും ഷാർജയിലെയും പ്രസാധകരെ വാണിജ്യപരമായും അറിവ് തേടുന്നവരെ വിദ്യാഭ്യാസപരമായും പിന്തുണക്കുക മാത്രമല്ല, വളരെ വ്യക്തമായ സന്ദേശം ഉൾക്കൊള്ളുന്നത് കൂടിയാണെന്ന് ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
എമിറേറ്റിലെ പൊതു-സ്വകാര്യ ലൈബ്രറികളെ വിവിധ മേഖലകളിലെ പുസ്തകങ്ങളാൽ സമ്പന്നമാക്കുന്നതിന് സഹായിക്കുന്നതാണ് ഗ്രാൻഡ്. ലൈബ്രറികളുടെ ശേഖരത്തിലേക്ക് വർഷം തോറും ആയിരക്കണക്കിന് പുതിയ ശീർഷകങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നത് വഴി വിജ്ഞാനവും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു നഗരമെന്ന നിലയിൽ ഷാർജയുടെ ആഗോള പ്രശസ്തി വർധിപ്പിക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.