ഷാർജ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും കുതിപ്പ്
text_fieldsഷാർജ: ജൂലൈയിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നടന്നത് റെക്കോഡ് ഇടപാടുകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ 1.9 ശതകോടി ദിർഹമിന്റെ വിൽപന ഇടപാടുകളാണ് എമിറേറ്റിൽ നടന്നത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ആകെ 2783 ഇടപാടുകളാണ് ജൂലൈയിൽ ഡിപ്പാർട്മെന്റ് നടത്തിയത്. ഇതിൽ 96 ഏരിയകളിലായി 684 എണ്ണം വിൽപന ഇടപാടുകളായിരുന്നു. 60 ലക്ഷത്തിലധികം ചതുരശ്ര അടി വ്യാപാരമേഖലയാണ് ഇതു വഴി വിതരണം ചെയ്തത്. ആകെ ഇടപാടിന്റെ 24.6 ശതമാനം വരുമിത്. 42.1 കോടി ദിർഹം മൂല്യംവരുന്ന 447 ലീസ് ഇടപാടുകളും ജൂലൈയിൽ നടന്നു.
ആകെ ഇടപാടിന്റെ 16.1 ശതമാനം ഇടപാടുകളാണ് ഈ രീതിയിൽ നടത്തിയത്. 1652 ഇടപാടുകൾ മറ്റു മേഖലയിലായിരുന്നുവെന്നും ഇത് ആകെ ഇടപാടിന്റെ 59.3 ശതമാനം വരുമെന്നും ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
132 ഇടപാടുകളോടെ ഏറ്റവും കൂടുതൽ വിൽപന നടന്ന മേഖലയിൽ മെസൈറയാണ് ഒന്നാമത്. 102 ഇടപാടുകളുമായി മുവൈലെ കമേഴ്സ്യൽ ഏരിയയും 78 ഇടപാടുകളുമായി അൽ-ഖാൻ ഏരിയയും 36 ഇടപാടുകളുമായി അൽ-മജാസ് 3 ഏരിയയുമാണ് തൊട്ടു പിന്നിൽ.
പണമൂല്യത്തിന്റെ അടിസ്ഥാനത്തിൽ 82.8 ദശലക്ഷം ദിർഹവുമായി മുവൈലെ കമേഴ്സ്യൽ ഏരിയയാണ് പട്ടികയിൽ ഒന്നാമത്. 57.8 ദശലക്ഷം ദിർഹം മൂല്യമുള്ള അൽ-സജാ ഇൻഡസ്ട്രിയൽ ഏരിയ, 42.8 ദശലക്ഷം ദിർഹവുമായി അൽ-റിഗൈബ ഏരിയ, 38.6 ദശലക്ഷം ദിർഹം മൂല്യമുള്ള ഇടപാടുമായി അൽ ഖാൻ ഏരിയ എന്നിവയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. കൂടുതൽ നിക്ഷേപ അവസരങ്ങൾ, പുതിയ പദ്ധതികളുടെ ആസൂത്രണം, ജീവിതനിലവാരം ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയിലൂടെ വരും മാസങ്ങളിലും റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ വളർച്ച കൈവരിക്കാനാകുമെന്നാണ് ഡിപ്പാർട്മെന്റിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.