ഇമാറാത്തി വനിതയുടെ ജയിൽ മോചനത്തിന് 40 ലക്ഷം രൂപ ദിയാദനം നൽകി ഷാർജ ഭരണാധികാരി
text_fieldsഷാർജ: യു.എ.ഇ സ്വദേശിയായ വനിതയുടെ ജയിൽ മോചനത്തിന് രണ്ട് ലക്ഷം ദിർഹം (40 ലക്ഷം രൂപ) ദിയാധനം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ സർക്കാരിന്‍റെ റേഡിയോ പരിപാടിയിലൂടെ ഇവരുടെ ഭർത്താവ് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ശൈഖ് ഡോ സുൽത്താൻ ഇടപെട്ടത്.
കൽബയിലെ സ്ഥാപനത്തിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചതിനെ തുടർന്നാണ് 59കാരി ജയിലിലായത്. ഇവരായിരുന്നു മരിച്ചയാളുടെ സ്പോൺസർ. മരിച്ചയാളുടെ കുടുംബത്തിന് ദിയാദനം നൽകാൻ കൽബ കോടതി ഉത്തരവിടുകയായിരുന്നു. ഇതേതുടർന്നാണ് 'അൽ ഖാത്ത് അൽ മുബഷർ' എന്ന പരിപാടിയിൽ ഇയാൾ വിവരം പറഞ്ഞത്. പണമില്ലാത്തതിനാൽ തന്‍റെ ഭാര്യക്ക് ജയിൽ മോചിതയാകാൻ കഴിയുന്നില്ലെന്നും വീട് വിറ്റ് പണം നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും അതിന് ശേഷം എവിടെ പോയി താമസിക്കും എന്നറിയില്ലെന്നുമായിരുന്നു റേഡിയോ പരിപാടിയിൽ ഭർത്താവ് പറഞ്ഞത്. ഇതേതുടർന്നാണ് ശൈഖ് സുൽത്താന്‍റെ ഇടപപെടലുണ്ടായത്. നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ടെന്നും ദിയാദനം ശൈഖ് സുൽത്താൻ നൽകുമെന്നും അവതാരകനായ മുഹമ്മദ് ഹസൻ ഖലാഫ് അറിയിക്കുകയായിരുന്നു.
ആദ്യമായല്ല ഷാർജ ഭരണാധികാരി റേഡിയോയിലൂടെയുള്ള പരാതികളോടും അപേക്ഷകളോടും പ്രതികരിക്കുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി പൗരന്മാർ അവരുടെ കഥകൾ റേഡിയോയിൽ പങ്കിട്ട് പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. തത്സമയ റേഡിയോ പരിപാടിയായ 'അൽ ഖാത്ത് അൽ മുബഷർ' ഷാർജയിലുള്ളവർക്ക് സർക്കാർ ഉദ്യോഗസ്ഥരുമായി ആശങ്കകൾ പങ്കിടുന്നതിനുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമാണ്. ഷാർജ ഭരണാധികാരി ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ പരിപാടിയുടെ സ്ഥിരം ശ്രോതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.