സിഡ്നിയെയും മെൽബണെയും മറികടന്ന് ഷാർജ സ്റ്റേഡിയം
text_fieldsഷാർജ: യു.എ.ഇയിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായ ഷാർജക്ക് പുതിയ റെക്കോഡ്. ഏറ്റവും കൂടുതൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടന്ന സ്റ്റേഡിയമെന്ന റെക്കോഡാണ് ഷാർജ സ്വന്തം പുസ്തകത്തിൽ എഴുതിച്ചേർത്തത്. ശനിയാഴ്ച നടന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരത്തോടെയാണ് ഷാർജ പുതിയ നേട്ടം സ്വന്തമാക്കിയത്. നേരത്തേയും ഷാർജ ഈ റെക്കോഡിനുടമയായിരുന്നെങ്കിലും ഇടക്കാലത്ത് മത്സരങ്ങൾ കുറഞ്ഞതോടെ ആസ്ട്രേലിയൻ ക്രിക്കറ്റ് മൈതാനങ്ങൾ നേട്ടം സ്വന്തമാക്കുകയായിരുന്നു.
ശനിയാഴ്ച ഷാർജയിൽ നടന്നത് 281ാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരുന്നു. ഇതിൽ 244 ഏകദിനവും ഒമ്പത് ടെസ്റ്റും 28 ട്വന്റി20യും ഉൾപ്പെടുന്നു. ഈ മത്സരം മറ്റൊരു റെക്കോഡ് കൂടി നേടിയിരുന്നു. ഈ മൈതാനത്ത് ട്വന്റി20യിൽ ഏറ്റവും ഉയർന്ന റൺ ചേസോടെയാണ് ലങ്ക ജയിച്ചത്.
രണ്ടാംസ്ഥാനത്തുള്ള സിഡ്നിയിൽ 280 മത്സരങ്ങളാണ് നടന്നത്. 159 ഏകദിനവും 110 ടെസ്റ്റും 11 ട്വന്റി20യും ഉൾപ്പെടുന്നു. 1882ൽ സ്ഥാപിച്ച ഗ്രൗണ്ടാണിത്. മൂന്നാംസ്ഥാനം ആസ്ട്രേലിയയിലെതന്നെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനാണ് (എം.സി.ജി). ഇതുവരെ 279 മത്സരങ്ങൾ എം.സി.ജിയിൽ നടന്നു. ഇതിൽ 114 ടെസ്റ്റും 149 ഏകദിനവും 15 ട്വന്റി20യും ഉൾപ്പെടുന്നു. നാലാംസ്ഥാനത്ത് സിംബാബ്വെയിലെ ഹരാരെയുണ്ട്. 237 മത്സരങ്ങൾ. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്നത് 221 മത്സരം.
1982ലാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിച്ചത്. 17,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഓരോ ക്രിക്കറ്റ് പ്രേമിയുടെയും നൊസ്റ്റാൾജിയയാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ട ഷാർജ കപ്പ്. ഐ.പി.എല്ലിലെ നിരവധി മത്സരങ്ങളും ഇവിടെ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.