എയർ ഇന്ത്യ: നിർത്തുന്നത് ‘തറവാട്’ വിമാനം
text_fieldsഷാർജ: അടുത്തമാസം മുതൽ നിർത്താൻ നീക്കം നടക്കുന്ന ഷാർജ - കോഴിക്കോട് എയർ ഇന്ത്യ വിമാനം പ്രവാസികളുടെ ‘തറവാട്’ ഫ്ലൈറ്റ്. രണ്ടു പതിറ്റാണ്ടായി ഷാർജയിൽനിന്ന് സർവിസ് നടത്തിയിരുന്ന ഈ വിമാനം പ്രവാസികൾക്ക് സുപരിചിതമായിരുന്നു. ‘തറവാട്’ ഫ്ലൈറ്റ് എന്ന പേരിലാണ് ഈ വിമാനം അറിയപ്പെട്ടിരുന്നത്. മാർച്ച് 27 മുതൽ ഈ സർവിസ് നിർത്തലാക്കുമെന്നാണ് അറിയുന്നത്. 26 വരെ മാത്രമാണ് നിലവിൽ ബുക്കിങ് കാണിക്കുന്നത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഏക എയർ ഇന്ത്യ സർവിസ് നിർത്തലാക്കുന്നത് പ്രവാസികൾക്കും തിരിച്ചടിയാകും.
ദീർഘകാലത്തെ ചരിത്രം പറയാനുണ്ട് ഈ സർവിസിന്. കോഴിക്കോട്ട് നിന്ന് ഷാർജയിലേക്കുള്ള ആദ്യ സർവീസായിരുന്നു ഇത്. തുടങ്ങിയ കാലം മുതൽ ഇതുവരെ ഒരേസമയത്തായിരുന്നു ഈ സർവീസ്. ആദ്യകാലത്ത് ഈ റൂട്ടിൽ ഇന്ത്യൻ എയർലൈൻസാണ് സർവിസ് നടത്തിയിരുന്നത്. പിന്നീട് ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയായി മാറുകയായിരുന്നു. കോവിഡ് കാലത്ത് സർവിസ് താൽക്കാലികമായി നിർത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം മാർച്ച് 28നാണ് വീണ്ടും സർവിസ് ആരംഭിക്കുന്നത്. യാത്രയിൽ ലഭിച്ചിരുന്ന കപ്പലണ്ടിയും മധുരപാനീയങ്ങളും തുടർന്നുള്ള വിഭവസമൃദ്ധമായ ഭക്ഷണവുമൊക്കെ മലയാളികളുടെ ഗൃഹാതുര സ്മരണകളിലുണ്ട്. മറ്റു വിമാനങ്ങളിൽനിന്ന് ഭിന്നമായ സ്വീകരണമാണ് ഈ വിമാനത്തിൽ ലഭിച്ചിരുന്നത്. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഈ സർവിസ് പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു.
ഷാർജയിൽനിന്ന് പുറപ്പെടുന്ന ഇതിന്റെ സമയവും തിരക്ക് കുറഞ്ഞ സമയങ്ങളിലുള്ള കൂടിയ ലഗേജുമാണ് യാത്രക്കാരെ ആകർഷിച്ചിരുന്നത്. ഷാർജയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സർവിസുകളുടെ സമയം രാത്രിയാണ് എന്നതുതന്നെയായിരുന്നു ഇതിന്റെ പ്രത്യേകത. അതത് ദിവസങ്ങളിൽ ജോലികഴിഞ്ഞ് അന്നു രാത്രിതന്നെ നാട്ടിലേക്ക് പുറപ്പെടാം എന്ന സൗകര്യവും തിരികെ രാത്രി നാട്ടിൽനിന്നും പുറപ്പെട്ട് അർധരാത്രിയിൽ ഷാർജയിൽ തിരിച്ചെത്തുകയും പിറ്റേദിവസം തന്നെ ജോലിയിൽ പ്രവേശിക്കാനും കഴിയുമെന്നതാണ് ഈ സർവിസിലൂടെ പ്രവാസികൾക്ക് ലഭിച്ചിരുന്ന ഗുണം.
ഷാർജ-കോഴിക്കോട് റൂട്ടിൽ മാർച്ച് 27ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് മാസങ്ങൾക്കുമുമ്പേ നിർത്തിയിരുന്നു. എയർഇന്ത്യയുടെ ദുബൈ- കോഴിക്കോട് റൂട്ടിലെ ബുക്കിങ്ങും മാർച്ച് 27ന് ശേഷം നിർത്തിവെക്കാൻ ട്രാവൽ ഏജൻസികൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ റൂട്ടിൽ എയർ ഇന്ത്യ വേനൽക്കാല ഷെഡ്യൂൾ നേരത്തേ പ്രഖ്യാപിച്ചതാണ്. പെരുന്നാൾ അവധികളും വിദ്യാലയങ്ങളിലെ വേനൽ അവധിയും മുന്നിൽക്കണ്ട് പലരും ഈ വിമാനത്തിൽ ടിക്കറ്റ് എടുത്തിട്ടുണ്ട്. നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകളെ കുറിച്ച് ഒരു വിവരവും ട്രാവൽ ഏജൻസികൾക്ക് നൽകിയിട്ടില്ല.
അതിനാൽ തന്നെ മുൻകൂട്ടി ടിക്കറ്റ് എടുത്ത പലരും ആശങ്കയിലാണ്. എയർ ഇന്ത്യയുടെ ഈ രണ്ടു സർവിസുകളും പൂർണമായി നിർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും എയർ ഇന്ത്യ നൽകുന്നില്ല. എയർ ഇന്ത്യയുടെ ഈ റൂട്ടുകൾക് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുമെന്നാണ് ചില ജീവനക്കാർ നൽകുന്ന സൂചന. കോഴിക്കോട്ടുനിന്നും യു.എ.ഇയിലേക്കുള്ള പല സർവിസുകളും വിവിധ വിമാന കമ്പനികൾ നിർത്തലാക്കിയത് പ്രവാസികൾക്ക് തിരിച്ചടിയാണ്.
ഇൻഡിഗോ എയർലൈൻസ് കോഴിക്കോട്ടുനിന്നുള്ള ഷാർജ, അബൂദബി സർവിസുകൾ നിർത്തലാക്കിയതും കോവിഡിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസ് നിർത്തിവെച്ച സർവിസും ഒമാൻ എയറിന്റെ അബൂദബി- കോഴിക്കോട് കണക്ഷൻ സർവിസ് നിർത്തലാക്കിയതും ഇതിൽപെടുന്നു. ഈ കാലയളവിൽ അബൂദബിയിൽനിന്നും എയർ അറേബ്യ കോഴിക്കോട്ടേക്ക് സർവിസ് പുതുതായി ആരംഭിച്ചതും റാസൽഖൈമ കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിച്ചതും മാത്രമാണ് ആശ്വാസം.
എയർ ഇന്ത്യയുടെ കോഴിക്കോട്ടേക്കുള്ള ഈ രണ്ടു സർവിസുകളും പൂർണമായി നിർത്തുകയാണെങ്കിൽ എയർ ഇന്ത്യയുടെ കോഴിക്കോട്ടേക്കുള്ള സർവിസുകൾ പൂർണമായും ഇല്ലാതാകും. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടുനിന്നും യു.എ.ഇയിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും സർവിസ് നടത്തുന്നുണ്ട്. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ എയർ ഇന്ത്യയുടെ ഈ രണ്ട് സർവിസുകളും തുടരുകയോ പകരം സംവിധാനം കാണുകയോ ചെയ്യണമെന്നാണ് പ്രവാസികൾക്കും പ്രവാസി സംഘടനകൾക്കും എയർ ഇന്ത്യയോട് പറയാനുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളും, ജനപ്രതിനിധികളും ഈ കാര്യത്തിൽ ശക്തമായ സമ്മർദം ചെലുത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.