ഷാർജ വെളിച്ചോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsഷാർജ: മഞ്ഞ് പൂക്കുന്ന സന്ധ്യകളെ വെളിച്ച വിതാനം കൊണ്ട് അതിമനോഹരമാക്കുന്ന എട്ടാമത് ഷാർജ വെളിച്ചോത്സവത്തിന് ബുധനാഴ്ച്ച തുടക്കമാകും. 17 വരെ നീളുന്ന ഉത്സവം ഇക്കുറി 18 ഇടങ്ങളിലായാണ് പ്രഭാപൂരം തീർക്കുക. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ നടക്കുന്ന ഉത്സവത്തിന് ഷാർജ വാണിജ്യ വിനോദ സഞ്ചാര വികസന അതോറിറ്റി (എസ്.സി.ടി.ഡി.എ) ആണ് ചുക്കാൻ പിടിക്കുന്നത്.
ഡോ. സുൽത്താൻ ആൽ ഖാസിമി സെൻറർ ഫോർ ഗൾഫ് സ്റ്റഡീസിലെ ഉദ്ഘാടന പരിപാടികൾക്ക് ശേഷമാണ് വെളിച്ചമഴ പെയ്തിറങ്ങുക. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ജീവിത കഥകൾ വെള്ളി വെളിച്ചത്തിൽ വർണാക്ഷരങ്ങളായി തെളിയും. ശാസ്ത്രം, സർഗ രചന, അറിവ് എന്നിവക്ക് ഉൗന്നൽ നൽകുന്നതാണ് ഇത്തവണത്തെ വെളിച്ചോത്സവം.
ഡോ.സുൽത്താൻ ആൽ ഖാസിമി സെൻറർ ഫോർ ഗൾഫ് സ്റ്റഡീസിന് പുറമെ, ഷാർജ യൂണിവേഴ്സിറ്റി ക്യാംപസ് അവന്യൂ, യൂണിവേഴ്സിറ്റി സിറ്റി ഹാൾ, ഷാർജ പൊലീസ് അക്കാദമി, ഖാലിദ് ലഗൂൺ, അൽ നൂർ പള്ളി, പാം ഒയാസിസ്, ദി ഹൗസ് ഓഫ് ജസ്റ്റിസ്, ദി ഹാർട് ഓഫ് ഷാർജ, ഷാർജ അൽ ഹിസൻ കോട്ട, സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ്, ദൈദിലെ അമ്മാർ ബിൻ യാസർ പള്ളി, ദിബ്ബ അൽ ഹിസ്നിലെ ശൈഖ് റാഷിദ് ബിൻ അഹമ്മദ് ആൽ ഖാസിമി പള്ളി, അൽ ഹംറിയ നഗരസഭ, ഖോർഫക്കാൻ നഗര വികസന വിഭാഗം, ഖോർഫക്കാൻ നഗരസഭ കൗൺസിൽ, കൽബ നഗരസഭ കൗൺസിൽ, കൽബ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് എന്നിവിടങ്ങളിൽ നടക്കുന്ന ദീപങ്ങളുടെ മയൂഖ നടനത്തിന് സംഗീതം അകമ്പടിയേകും.
നിരതെറ്റാതെ ഈത്തപ്പനകൾ നിൽക്കുന്ന, ഖാലിദ് തടാക കരയിലെ പാം ഒയാസീസിലെ വെളിച്ചത്തിെൻറ വരാന്തകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ശനി മുതൽ ബുധൻ വരെ ദിവസവും വൈകിട്ട് ആറ് മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ ആറ് മുതൽ അർധരാത്രി വരെയുമാണ് ദീപങ്ങൾ സംഗീതത്തിൽ ആറാടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.