‘പവിഴങ്ങളുടെ രാജ്യത്തേക്ക്’കവാടം തുറന്ന് ഷാർജ അൽ മുൻതസ പാർക്ക്
text_fieldsഷാർജ: ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തിൽ നൂറു മില്യൺ ദിർഹം ചിലവഴിച്ച് നവീകരിച്ച ഷാർജ അൽ മുൻതസ പാർക്ക് പ്രവർത്തനമാരംഭിച്ചു. -പേൾ കിങ്‌ഡം- എന്ന് പേരിട്ട പാർക്കിലെ വാട്ടർ തീം പാർക്കാണ് സന്ദർശകർക്കായി ഇപ്പോൾ തുറന്നു കൊടുത്തത്. തുറന്നത്. നിലവിൽ 7000 സന്ദർശകരെ ഉൾകൊള്ളാൻ സൗകര്യമുള്ള ഇവിടെ ‘ഐലൻഡ് ഓഫ് ലെജൻഡ്സ്’ എന്ന് പേരുള്ള അടുത്ത ഘട്ടം കൂടി പൂർത്തിയാകുന്നതോടെ 17000 പേർക്ക് ഒരേ സമയം സന്ദർശിക്കാം.
ഷാർജ നഗരമധ്യത്തിൽ ഖാലിദ് ലഗൂണിന് സമീപം പച്ച പുതച്ചു നിൽക്കുന്ന പാർക്ക് വൈകാതെ യു.എ.ഇയിലെ തന്നെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളിൽ ഒന്നായി മാറും. പവിഴ ലോകത്തെ രാജകുമാരിയുടെ കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന പാർക്കിൽ 35 പുതിയ റൈഡുകളാണുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകളിൽ മറഞ്ഞു നിൽക്കുന്ന നിധികൾ തേടി അന്വേഷണം നടത്തുന്ന പോലെയാണ് വാട്ടർ റൈഡുകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾക്കും സുരക്ഷക്കും മുൻഗണന നൽകിയാണ് റൈഡുകളുടെ രൂപകൽപ്പന. മുതിർക്ക് അനുയോജ്യമായ റൈഡുകളുമുണ്ട്. ഒരേ സമയം 200 പേരെ ഉൾകൊള്ളുന്ന ‘വേവ് പൂൾ’, 100 കുട്ടികൾക്ക് ഒരേനേരം ആസ്വദിക്കാവുന്ന ‘കിഡ്സ് സ്ലൈഡ്’, ‘ഫ്ലയിങ് കാർപറ്റ്’, ‘മിസ്റ്ററി റിവർ’ തുടങ്ങി നിരവധി അനുഭവങ്ങൾ.
വിനോദങ്ങളോടൊപ്പം രുചിയുടെ ലോകവും പാർക്കിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകൾ ‘ലേഡീസ് ഡേ’ ആയി ആചരിക്കുന്ന അൽ മുൻതസ പാർക്കിൽ അന്നേ ദിവസം വൈകുന്നേരം നാല് മുതൽ ആറു വരെ സുംബാ നൃത്തമൊരുങ്ങും. ആറു മുതൽ ഒൻപതു വരെ ഡീജെയും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെ തത്സമയ സംഗീത പരിപാടികളും ഒരുക്കുന്നു. അന്നേ ദിവസങ്ങളിൽ ഏഴു മുതൽ രാത്രി ഒൻപതു വരെ ഡീജെ സമയമാണ്.
ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന റൈഡുകൾ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും റൈഡുകൾക്കൊപ്പം പ്രത്യേക പാക്കേജുകളും ഒരുക്കുന്നുണ്ടെന്നും അൽ മുൻതസ പാർക്ക് മാനേജർ ഖാലിദ് അൽ ഖസീർ വ്യക്തമാക്കി. രാവിലെ പത്തു മുതൽ രാത്രി പത്തു വരെയാണ് പാർക്കിെൻറ പ്രവർത്തന സമയം. മുതിർന്നവർക്ക് 150 ദിർഹം, കുട്ടികൾക്ക് 100 ദിർഹം, എൺപതു സെൻറിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് 50 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പാർക്കിങ് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.