പരിസ്ഥിതിയെ നെഞ്ചോടുചേർത്ത് ഷാർജ
text_fieldsസുധീഷ് ഗുരുവായൂർ കൃഷിയിടത്തിൽ
ഷാർജ: 1932ൽ ഷാർജ റോളക്ക് സമീപത്തെ അൽ മഹത്തയിൽ ആദ്യമായി വിമാനം പറന്നിറങ്ങിയതിെൻറ വിഡിയോ ഇന്നും ലഭ്യമാണ്. ആ വിഡിയോ ശ്രദ്ധിച്ചാലറിയാം, ഷാർജയുടെ പൂങ്കാവനമായ അൽ മജാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മരുഭൂമി ആയിരുന്നുവെന്ന്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കൈകളിൽ ഷാർജയുടെ ഭരണം എത്തിയതോടെ മരുഭൂമികൾ പതിയെ പിന്തിരിയാനും പച്ചപ്പുകൾ പെരുകാനും തുടങ്ങി. ഇപ്പോൾ പരിസ്ഥിതിയെ നെഞ്ചോടുചേർത്ത് പച്ചപ്പണിഞ്ഞ് നിൽക്കുകയാണ് ഷാർജ.
അഗ്രികൾച്ചറൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ സുൽത്താൻ എപ്പോഴും ഷാർജയുടെ പരിസ്ഥിതി വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരുന്നു. പരിസ്ഥിതി സംരക്ഷിക്കാൻ എൻവയൺമെൻറ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി (ഇ.പി.എ.എ) 1998 ൽ ഷാർജയിൽ സ്ഥാപിച്ചതും അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ്. ഇതോടെ പട്ടണമധ‍്യത്തിൽ ഷാർജ സ്വന്തം ശ്വാസകോശം പോലെ സംരക്ഷിക്കുന്ന വസിത് വെറ്റ്ലാൻഡ് സെൻറർ, അൽ മജാസ്, യു.എ.ഇയിലെ ആദ്യ ഉദ്യാനമായ അൽ ജസീറ(അൽ മുൻതസ) തുടങ്ങി, കിഴക്കൻ മേഖലകളിലെ ഹരിതകേദാരങ്ങൾ വരെ തളിരിട്ടു. തരിശുഭൂമിയെ തണ്ണീർത്തടമാക്കി മാറ്റുകയും ജൈവവൈവിധ്യത്തിനും പരിസ്ഥിതി വിദ്യാഭ്യാസത്തിനും പുറമെ, വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണ മേഖലയാക്കി മാറ്റുകയും ചെയ്തത് പരിഗണിച്ച് ആഗ ഖാൻ ആർക്കിടെക്ചർ അവാർഡ് അൽ വസിത് നേടി. റാംസർ പട്ടികയിലും വസിത് ഇടം പിടിച്ചിട്ടുണ്ട്.
സുധീഷിെൻറ നെൽപാടം
ഷാർജയിലെ മൻസൂറയിലേക്ക് റോളയിൽനിന്ന് അധികദൂരമില്ല. ഇവിടെ സുധീഷ് ഗുരുവായൂർ എന്ന ജൈവകർഷകൻ ഒരുക്കിയ നെൽപാടവും പഴം- പച്ചക്കറി തോട്ടവും കാണേണ്ടതാണ്.
കൃഷിക്കിടയിൽ തന്നെയുണ്ട് കോഴിയും താറാവും. പരിസ്ഥിതിയെ സ്നേഹിക്കുന്ന മനസ്സുണ്ടെങ്കിൽ ഏതു മണ്ണിലും നൂറുമേനി വിളയിക്കാം എന്ന വലിയ പാഠം പകർന്നു നൽകുകയാണ് സുധീഷ്. ഗിന്നസ് വേൾഡ് റെക്കോഡ്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവ ഈ കർഷകനെ തേടി വന്നിട്ടുണ്ട്.
പരിസ്ഥിതിയുടെ കാവൽക്കാരി
ഷാർജയുടെ പരിസ്ഥിതിയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ നേതൃത്വം നൽകുന്നത് ഒരു വനിതയാണ്, ഹാന സെയ്ഫ് അൽ സുവൈദി.
എമിറേറ്റ്സ് സർവകലാശാലയിൽനിന്ന് ജിയോളജിയിൽ ബിരുദം നേടിയാണ് 2006 ജൂണിൽ അതോറിറ്റിയിൽ മാനേജറായി ചേർന്നത്. 2010 മുതൽ ചെയർപേഴ്സനാണ്. പ്രാദേശിക, ദേശീയ തലങ്ങളിൽ പങ്കാളിത്ത ബന്ധം സ്ഥാപിക്കുക, സംരക്ഷിത പ്രദേശങ്ങളുടെ സ്ഥാപനം, പുനരധിവാസം, വികസനം എന്നിവക്കായി ഹാന നടത്തിയ നീക്കങ്ങൾ ലോക ശ്രദ്ധ നേടി. ജലജീവികളുടെ സംരക്ഷണത്തിനായി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഖോർ കൽബ, വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഒരുക്കിയ അൽ ബുസ്താൻ, ദൈദ് സഫാരി എന്നിവ പരിസ്ഥിതി സംരക്ഷണത്തിെൻറ ഷാർജ മാതൃകകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.