തൊഴിലിനെന്ന പേരില്‍ ടൂറിസ്റ്റ് വിസ നല്‍കി തട്ടിപ്പ്: 15 യുവാക്കള്‍ ഷാര്‍ജയില്‍ പെരുവഴിയില്‍
text_fieldsഷാര്‍ജ: തൊഴില്‍ വിസയെന്ന പേരില്‍ ടൂറിസ്റ്റ് വിസ നല്‍കി കബളിപ്പിക്കപ്പെട്ട 15 യുവാക്കള്‍ ഷാര്‍ജയില്‍ പെരുവഴിയിലായി. ഷാര്‍ജയിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് എത്തിയ ഇവരില്‍ 14 പേര്‍ മലയാളികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. ദുബൈയില്‍ വിമാനമിറങ്ങി ഷാര്‍ജയിലത്തെിയ ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ ആരുമത്തെിയില്ല. ഒടുവില്‍ പ്രവാസി ഇന്ത്യ പ്രവര്‍ത്തകര്‍ താല്‍ക്കാലിക താമസസൗകര്യം ഒരുക്കി.
ഇതുവരെ ഇവരെ തേടി ഏജന്‍റുമാര്‍ എത്തിയിട്ടില്ല. മലപ്പുറം പെരിന്തല്‍മണ്ണയിലെ ട്രാവല്‍സ് മുഖേന നാട്ടില്‍നിന്ന് യാത്രതിരിച്ച യുവാക്കള്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ദുബൈയിലത്തെിയത്. വയനാട് സ്വദേശികളായ സുഹൈല്‍, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫല്‍, വണ്ടൂര്‍ സ്വദേശി ശിവന്‍, ഒതുക്കുങ്ങല്‍ സ്വദേശി ജാഫര്‍, നിലമ്പൂര്‍ സ്വദേശികളായ ഷാജഹാന്‍, പ്രജീഷ്, ചെറാട് സ്വദേശി അജി, ലിബീഷ്, കരീം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവരാണ് സംഘത്തിലുള്ളത്. ഹൈപര്‍ മാര്‍ക്കറ്റിന്‍െറ കേറ്ററിങ് വിഭാഗത്തില്‍ സഹായികളുടെ തസ്തികയില്‍ ജോലി നല്‍കുമെന്നായിരുന്നു ഏജന്‍റുമാരുടെ വാഗ്ദാനം. 1.25 ലക്ഷം മുതല്‍ 1,60,000 രൂപ വരെ ഇവര്‍ വിസക്കായി മുടക്കി. ആദ്യം ചെന്നൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും കയറ്റി അയക്കുകയായിരുന്നു. റിട്ടേണ്‍ ടിക്കറ്റ് ഇല്ലാത്തതിനാല്‍ വയനാട് സ്വദേശിയെ ചെന്നൈ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു. ദുബൈയിലത്തെിയാല്‍ ഏജന്‍റുമാരത്തെി ഷാര്‍ജ റോളയിലെ ഹോട്ടലിലത്തെിക്കുമെന്നും അവിടെ താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് പറഞ്ഞിരുന്നത്.
ഏജന്‍റ് നല്‍കിയ ഫോണില്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നതിനുശേഷം കൈവശമുള്ള പണം ചെലവഴിച്ച് ഇവര്‍ ഷാര്‍ജയിലത്തെി. ഏജന്‍റ് പറഞ്ഞ ഹോട്ടലിലത്തെിയപ്പോള്‍ പണമടക്കാത്തതിനാല്‍ മുറി നല്‍കാനാകില്ളെന്ന് അധികൃതര്‍ പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഹോട്ടലിനടുത്ത് റോഡില്‍ ഇവര്‍ ഭക്ഷണംപോലുമില്ലാതെ കഴിയുകയായിരുന്നു. ഇതേ രീതിയില്‍ ചതിക്കപ്പെട്ടത്തെിയ ഉത്തര്‍പ്രദേശ് സ്വദേശി കൈലാഷിനെയും ഇവര്‍ കണ്ടുമുട്ടി. ട്രാവല്‍ ഏജന്‍റിനെ പൂര്‍ണമായും വിശ്വസിച്ച ഇവര്‍ കൈവശമുള്ളത് ടൂറിസ്റ്റ് വിസയാണെന്ന് തിരിച്ചറിഞ്ഞത് ഇവിടെയത്തെിയശേഷമാണ്. നിര്‍ധന കുടുംബാംഗങ്ങളായ യുവാക്കള്‍ കടം വാങ്ങിയും സ്വര്‍ണം പണയംവെച്ചുമാണ് വിസക്കുള്ള തുക കണ്ടത്തെിയത്. മലയാളി യുവാക്കള്‍ റോഡരികില്‍ ആശ്രയമില്ലാതെ നില്‍ക്കുന്നതായി സമീപത്തെ വ്യാപാരികളാണ് പ്രവാസി ഇന്ത്യ പ്രവര്‍ത്തകരെ അറിയിച്ചത്. നാട്ടിലെ ട്രാവല്‍സ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ യു.എ.ഇയിലെ ഏജന്‍റിനെ വിളിക്കാനായിരുന്നു നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.