ഷാർജയുടെ 90 വിമാന വർഷങ്ങൾ
text_fieldsഷാർജ: അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിലേക്ക് ഷാർജ പറന്നിറങ്ങിയിട്ട് 90 വർഷം. 1932 ഒക്ടോബർ അഞ്ചിനാണ് ഷാർജയുടെ മണ്ണിൽ ആദ്യമായി വിമാനം സ്പർശിച്ചത്. ബ്രിട്ടനും ഇന്ത്യക്കുമിടയിൽ പറന്നിരുന്ന ഹാൻഡ്ലി പേജ് എച്ച്.പി 42 എന്ന വിമാനമാണ് മരുഭൂമിക്ക് നടുവിലെ ചെറിയ എയർ സ്റ്റേഷനിൽ ഇറങ്ങിയത്.
ഇപ്പോൾ പാകിസ്താന്റെ ഭാഗമായ ഗുവാദറിൽ നിന്ന് പറന്നുയർന്ന വിമാനം ഷാർജയിലിറങ്ങിയപ്പോൾ സ്വീകരിക്കാൻ അന്നത്തെ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ സഖ്ർ അൽ ഖാസിയും സഹോദരൻമാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഈ വിമാനത്തിന്റെ ആദ്യ റൂട്ടും ചിത്രങ്ങളും ഷാർജ മ്യൂസിയം അതോറിറ്റിയിലെത്തിയാൽ കാണാം. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന വിമാനത്തിന്റെ പുതിയ സ്റ്റോപ്പായിരുന്നു ഷാർജ. ബ്രിട്ടനും അവരുടെ കീഴിലുള്ള കോളനികളും തമ്മിലെ ബന്ധം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗമായാണ് വിമാന സർവിസ് നടത്തിയിരുന്നത്. ഭൂമി സംബന്ധമായ തർക്കങ്ങളെ തുടർന്ന് ഇറാൻ തീരത്ത് നിന്ന് സ്റ്റോപ്പ് ഷാർജയിലേക്ക് മാറ്റുകയായിരുന്നു.
'ഹന്നോ' എന്ന് വിളിപ്പേരുള്ള വിമാനത്തിന് 160 കിലോമീറ്റർ വേഗതയിൽ പായാൻശേഷിയുണ്ടായിരുന്നു. നാലു യാത്രക്കാർക്കും ജീവനക്കാർക്കുമാണ് ഇടമുണ്ടായിരുന്നത്. െഗസ്റ്റ് ഹൗസ് നിർമാണം പൂർത്തിയാകാത്തതിനാൽ യാത്രക്കാരെ ടെന്റിലാണ് താമസിപ്പിച്ചത്. ടെന്റായിരുന്നെങ്കിലും ഉന്നത നിലവാരമുള്ള സൗകര്യമായിരുന്നു ഒരുക്കിയിരുന്നത്.
ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് ഒരു വശത്തേക്കുള്ള യാത്രക്ക് 106 ഡോളറായിരുന്നു ചെലവ്. ഇന്നത്തെ 5600 ഡോളർ (രണ്ട് ലക്ഷം രൂപ) മൂല്യം വരും ഈ ടിക്കറ്റിന്. ഷാർജയിലെ സ്റ്റോപ്പ് ഉൾപ്പെടെ ഏകദേശം ആറ് ദിവസമായിരുന്നു യാത്ര.
നിലവിൽ മിഡ്ൽ ഈസ്റ്റിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറിയ ഷാർജ വിമാനത്താവളത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു ഇത്. 1970കളിൽ യു.എ.ഇയിലെ ആദ്യ എയർപോർട്ടായി ഷാർജ വിമാനത്താവളം ഉയരുന്നതു വരെ ഈ എയർസ്റ്റേഷനിലായിരുന്നു വിമാനമിറങ്ങിയിരുന്നത്. യു.കെയുടെ റോയൽ എയർഫോഴ്സിന് കീഴിലായിരുന്നു പ്രവർത്തനം. പഴയ ടെർമിനലും ടവറുമാണ് പിന്നീട് അൽ മഹത്ത മ്യൂസിയമായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.