പരുത്തിയുടെ ധവളിമയിൽ ഷാർജയുടെ പൗരാണിക ഗ്രാമം
text_fields'പരുത്തിച്ചെടിയുടെ കറുത്ത വിത്തിൽ നിന്ന് നിനക്കൊരു വെളുത്ത വസ്ത്രം, പാറയുടെ കരുത്തിൽ നിന്ന് നിനക്കൊരാലിംഗനം' എന്നെഴുതിയത് മൺമറഞ്ഞുപോയ കവി എ.അയ്യപ്പനാണ്. ഷാർജയുടെ ബദുവിയൻ കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന പുരാതന ജനവാസ മേഖലയായ വാദി അൽ ഹെലോയിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തോട് ചേർന്ന മലയടിവാരത്തിൽ വിശേഷപ്പെട്ട സസ്യജാലങ്ങൾക്കൊപ്പം പൂത്തുലഞ്ഞുനിൽക്കുന്ന പരുത്തിച്ചെടികൾ കാണുമ്പോൾ ഈ കവിത മനസിൽ പെയ്യും. പാറയുടെ ആലിംഗനത്തിൽ നിൽക്കുന്ന തോട്ടങ്ങൾ കവിതയിലൂടെ നോക്കിയാൽ, അയ്യപ്പെൻറ കവിതക്ക് പ്രകൃതി വരച്ച ചിത്രമാണോയെന്ന് തോന്നിപോകും.
കൂടുകൾ അലങ്കരിക്കാൻ കുരുവികൾ പരുത്തിനാരുകൾ കൊത്തി കൊണ്ടുപോകുന്നത് മനോഹര കാഴ്ച്ചയാണ്. പരുത്തിച്ചെടിയുടെ കൊമ്പത്ത് വർണപകിട്ട് ചാർത്തിയാണ് കിളികൾ പാട്ടുതുടങ്ങുന്നത്. ഉഷ്ണമേഖലയിൽ വളർത്തുവാൻ പറ്റിയതും വെളുത്ത സ്വർണമെന്ന അപരനാമം വഹിക്കുകയും ചെയ്യുന്ന പരുത്തി,
യു.എ.ഇയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാറില്ല. ഉഷ്ണമേഖല കാലവസ്ഥയില്‍ വളരുമെങ്കിലും പരുത്തി കൃഷിക്ക് വെള്ളം ധാരാളം ആവശ്യമാണ്. സോവിയറ്റ് യൂണിയെൻറ സുവര്‍ണ കാലഘട്ടത്തില്‍, പരുത്തി കൃഷിക്കായി കസാകിസ്താനിലെ പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയെത്തുന്ന തെക്ക് നിന്നുള്ള അമു ദാര്യ, വടക്കുനിന്നുള്ള സിര്‍ ദാര്യ എന്നീ നദികളെ വഴി തിരിച്ച് വിട്ടത് കാരണം വറ്റി വരണ്ട് മരുഭൂമിയായി മാറിയ ആരാല്‍ കടലിെൻറ കഥ മുന്നിലുള്ളത് കാരണമായിരിക്കാം മരുഭൂമി പരുത്തി കൃഷിയെ കൂടുതല്‍ വാണിജ്യവത്ക്കരിക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.