ഷാർജയിലെ ‘ആരോഗ്യ നഗരങ്ങൾ’ പദ്ധതി മൂന്നിടങ്ങളിലേക്കുകൂടി
text_fieldsഷാർജ: എമിറേറ്റിൽ നടപ്പിലാക്കി വരുന്ന ‘ആരോഗ്യ നഗരങ്ങൾ’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന രൂപപ്പെടുത്തിയ ‘ഹെൽത്തി സിറ്റി പദ്ധതി’യുടെ പുരോഗതി വിലയിരുത്തുന്നതിന് ഷാർജ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് പദ്ധതി മൂന്നിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നിവിടങ്ങളിലാണ് പദ്ധതി പുതുതായി നടപ്പിലാക്കുന്നത്. 2012ലാണ് ഷാർജ പദ്ധതിയിൽ പങ്കാളിത്തം ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമാകുന്ന നഗരങ്ങളുടെ ആരോഗ്യ പരിപാലന രംഗം വിലയിരുത്തുകയും ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് രീതി.
നഗരത്തിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥ വിവരിക്കുന്ന പൊതുജനാരോഗ്യ റിപ്പോർട്ട് ഇതിന്റെ ഭാഗമായി തയാറാക്കും. രോഗങ്ങളുടെ സാന്നിധ്യം, സാമൂഹിക-സാമ്പത്തിക സാഹചര്യം, ജീവിതശൈലി, പരിസ്ഥിതി സാഹചര്യം, ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുന്നത്, ട്രാഫിക്-ക്രൈം തുടങ്ങിയ ഘടകങ്ങൾ എന്നിവയെല്ലാം വിലയിരുത്തും.
ഷാർജ ഹെൽത്ത് അതോറിറ്റി ചെയർമാനും ഷാർജ എമിറേറ്റിലെ ആരോഗ്യ നഗരങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുൽ അസീസ് അൽ മുഹൈരി ഖോർഫക്കൻ, കൽബ, അൽ ദൈദ് എന്നിവ ഉൾപ്പെടുത്തി ‘ആരോഗ്യ നഗരങ്ങൾ’ പദ്ധതി വികസിപ്പിക്കുന്നതിനുള്ള യോജിച്ച ശ്രമത്തിന് കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു.
മൂന്ന് നഗരങ്ങളിലും ഓരോ കോഓഡിനേഷൻ കമ്മിറ്റികൾ രൂപവത്കരിക്കാനും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്മിറ്റി അംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് വർക്ക് ഷോപ്പുകൾ നടത്താനും ചെയർമാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.