നാഷണൽ അക്വേറിയത്തിൽ 'ഷാർക്ക് വീക്ക് '
text_fieldsഅബുദാബി: വൈവിധ്യമാർന്ന സ്രാവുകളെ പരിചയപ്പെടുത്തി നാഷണൽ അക്വേറിയത്തിൽ 'ഷാർക്ക് വീക്ക്' സംഘടിപ്പിച്ചു. ജൂലൈ 24ന് ആരംഭിച്ച പരിപാടി ഞയറാഴ്ചയാണ് സമാപിക്കുന്നത്. പരിപാടിയുടെ ഭാഗമായി എൻവയോൺമെന്‍റ് ഏജൻസിയിലെ ഉന്നത സംഘം നാഷണൽ അക്വേറിയത്തിൽ പര്യടനവും നടത്തി. കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമുഹൈരിയും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.
നാഷണൽ അക്വേറിയത്തിൽ കാണാവുന്ന വൈവിധ്യമാർന്ന സ്രാവുകളെ സംഘം വീക്ഷിച്ചു. സ്രാവുകളുടെ വിവിധ ഇനങ്ങളെക്കുറിച്ച് വിദഗ്ധൻ സംഘത്തിന് വിവരിച്ചു കേൾപ്പിച്ചു. അറേബ്യൻ വിപ്രേ, അറേബ്യൻ കാർപെറ്റ് ഷാർക്ക്, ഹലവി ഗിറ്റാർഫിഷ്, ബ്ലാക്ടിപ്പ് റീഫ് ഷാർക്ക്, സിക്കിൾഫിൻ ലെമൺ സ്രാവ്, സ്കല്ലോപ്ഡ് ഹാമർഹെഡ് ഷാർക്ക്, വൈറ്റ്സ്പോട്ട് വെഡ്ജ്ഫിഷ് എന്നിവ പ്രദർശനത്തിനുണ്ടായിരുന്നു. യു.എ.ഇയിലെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിൽ ഇ.എ.ഡിയുടെയും നാഷണൽ അക്വേറിയത്തിന്‍റെയും പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
'ഷാർക്ക് വീക്കി'ൽ എത്തിയ സന്ദർശകർക്ക് സമുദ്രജീവികളുടെ പേരുകളും സ്വഭാവങ്ങളും വിശദമായി വിശദീകരിച്ചു കൊടുക്കുന്നുണ്ട്. സ്രാവുകളുടെ മികച്ച ഒരു കാഴ്ചാനുഭവമാണ് സന്ദർശനം സമ്മാനിക്കുന്നത്. സമുദ്ര ആവാസവ്യവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നതിൽ സ്രാവുകൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും അമിതമായ മത്സ്യബന്ധനം, കടൽ മലിനീകരണം തുടങ്ങിയ വിവിധ ഘടകങ്ങൾ കാരണം നമ്മുടെ കടൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പൊതുജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും ബോധവൽക്കരിക്കലാണ് 'ഷാർക്ക് വീക്ക്' ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.