ഡോക്ടർമാരുടെ ആഗോള കൂട്ടായ്മ ശശി തരൂർ ഉദ്ഘാടനം ചെയ്യും
text_fieldsദുബൈ: മലയാളി ഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ ഞായറാഴ്ച ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. എ.കെ.എം.ജി എമിറേറ്റ്സിന്റെ 20ാം വാർഷിക ഐഷ്റീൻ ആഘോഷത്തോടനുബന്ധിച്ചാണ് സംഘടനയുടെ ഉദ്ഘാടനം. ലോകമെമ്പാടും പ്രാക്ടീസ് ചെയ്യുന്ന മലയാളി ഡോക്ടർമാരെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് ലക്ഷ്യം. ഇത് വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ ആഗോള തലത്തിലുള്ള പുത്തൻ ആശയങ്ങൾ ഇന്ത്യയിലേക്ക് വേഗത്തിൽ എത്തിക്കുവാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എ.കെ.എം.ജി ഭാരവാഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സെമിനാറുകളും മറ്റ് തുടർ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുക, വൈദ്യശാസ്ത്രം, ദന്തചികിത്സ എന്നീ മേഖലകളിലെ ശാസ്ത്ര വികസനത്തിന്റെ നൂതന മേഖലകളെക്കുറിച്ച് അംഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശാസ്ത്രമാസികകൾ പ്രസിദ്ധീകരിക്കുക എന്നിവ സംഘടനയുടെ ലക്ഷ്യങ്ങളാണ്. അംഗങ്ങളുടെ ഡയറക്ടറി തയാറാക്കും. അംഗങ്ങൾക്കായി ആഗോളാടിസ്ഥാനത്തിൽ കലാ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമാനമായ സംഘടനകളുമായും സഹകരിക്കും. 2019ലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 35,000 ഇന്ത്യൻ ഡോക്ടർമാർ മധ്യപൂർവേഷ്യയിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ഡോക്ടർമാരാണ് ഇവരിൽ നല്ലൊരു പങ്കും. നോർക്കയുടെ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഏകദേശം 10,000 ആരോഗ്യ സംരക്ഷണ പ്രഫഷനലുകൾ യു.എ.ഇയിൽ ജോലി ചെയ്യുന്നു.
ഡോക്ടർമാരും നഴ്സുമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും ഉൾപ്പെടുന്നു. ഇവരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ എ.കെ.എം.ജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ. ജോർജ് ജോസഫ്, സെക്രട്ടറി ജനറൽ ഡോ. സഫറുള്ള ഖാൻ, നിയുക്ത പ്രസിഡന്റ് ഡോ. നിർമല രഘുനാഥൻ, മുൻ ഭാരവാഹികളായ ഡോ. സണ്ണി കുര്യൻ, ഡോ. സിറാജുദ്ദീൻ, ഡോ. ഹനീഷ് ബാബു, മറ്റ് ഭാരവാഹികളായ ഡോ. സുഗു മലയിൽ കോശി, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. ഗീത നായർ, ഡോ. നിഖിൽ ഹാറൂൺ, ഡോ. നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.