ഭരണസാരഥ്യത്തിൽ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി 48 വർഷം
text_fieldsശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി
ഫുജൈറ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അൽശര്‍ഖി ഭരണസാരഥ്യം ഏറ്റെടുത്ത് 48 വര്‍ഷം പൂര്‍ത്തിയാക്കി. അന്തരിച്ച പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ശര്‍ഖിയുടെ പിന്‍ഗാമിയായി 1974 സെപ്റ്റംബർ 18നാണ് ഭരണാധിപനായി അധികാരമേല്‍ക്കുന്നത്.
പിതാവിന്‍റെ പാത പിന്തുടര്‍ന്ന് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും സര്‍വതോമുഖമായ വളര്‍ച്ചക്ക് ചുക്കാന്‍പിടിച്ച അദ്ദേഹം എമിറേറ്റിനെ മികച്ച നിക്ഷേപ, വിനോദസഞ്ചാര കേന്ദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യസേവനത്തിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും ജനങ്ങളുടെ അഭിവൃദ്ധിയുമെന്ന പിതാവിന്‍റെ മുന്‍ഗണനാക്രമം മുറുകെപ്പിടിച്ചാണ് ശൈഖ് ഹമദിന്‍റെ ജൈത്രയാത്ര.
സമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്ന് ജനഹൃദയങ്ങളില്‍ ഇടംനേടിയ ശൈഖ് ഹമദ് സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ ചെലുത്തി ദേശീയ ഐക്യത്തിനും രാജ്യത്തിന്‍റെ പൈതൃക സംസ്കാരം നിലനിര്‍ത്താനും യത്നിച്ചു.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി പദ്ധതി ആവിഷ്കരിച്ച് ഫുജൈറയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കി. കാര്‍ഷിക-വാണിജ്യ-വ്യവസായ-വിനോദ മേഖലകളില്‍ ഉണര്‍വേകുന്ന പദ്ധതികള്‍ കൊണ്ടുവന്നത് യു.എ.ഇക്ക് കരുത്ത് നല്‍കുകയും ഫുജൈറയെ ലോക വിനോദ ഭൂപടത്തിലേക്ക് നയിക്കുന്നതിനും സഹായിച്ചു.
ഫുജൈറയിലെ പ്രഥമ റെഗുലര്‍ സ്കൂള്‍ അല്‍ സബാഹിയയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1967ല്‍ യു.കെയിലെ ലണ്ടന്‍ കോളജില്‍ ഉപരിപഠനം. ഹെന്‍ഡന്‍ പൊലീസ് സ്കൂളിലും റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റലിലുമായി പഠനം. ഉപരിപഠനം പൂര്‍ത്തിയാക്കി തിരികെയെത്തിയ ശൈഖ് ഹമദ്, പിതാവിന്‍റെ നിഴലായി വര്‍ത്തിച്ചു. ചെറുപ്പം മുതല്‍ ഫുജൈറയുടെ നാഡിമിടുപ്പുകള്‍ തൊട്ടറിഞ്ഞ ശൈഖ് ഹമദിന് ഉത്തരവാദിത്തം ചുമലിലായപ്പോള്‍ കൃത്യമായ ഭരണനിര്‍വഹണത്തിന് മുതല്‍കൂട്ടായി. കിരീടാവകാശിയായിരുന്നപ്പോള്‍തന്നെ ഫുജൈറ പൊലീസ് ആൻഡ് സെക്യൂരിറ്റി മേധാവിയായി നിയമിക്കപ്പെട്ടിരുന്നു. 1971ല്‍ യു.എ.ഇയുടെ ആദ്യ കാബിനറ്റിന്‍റെ ഭാഗമായി അദ്ദേഹം കൃഷി, മത്സ്യബന്ധന മന്ത്രിയായി പ്രവര്‍ത്തിച്ചു.
ശൈഖ് ഹമദിന് കീഴിൽ ഫുജൈറയുടെ വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ നേടാനായത്. മികച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനുപുറമെ, വിദ്യാഭ്യാസ പ്രക്രിയകളെ പിന്തുണക്കുന്നതിന് നൂതനമായ ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു.
2000ല്‍ ശൈഖ് ഹമദ് ഹയര്‍ കോളജ് ഓഫ് ടെക്നോളജി, വിമന്‍സ് കോളജ്, ഫുജൈറ മെന്‍സ് കോളജ്, ഫുജൈറ യൂനിവേഴ്സിറ്റി തുടങ്ങിയവ സ്ഥാപിച്ചു. 2006ല്‍ വിദ്യാഭ്യാസ അക്കാദമിക് അഫയേഴ്സ് കൗണ്‍സില്‍ സ്ഥാപിച്ചു. ശൈഖ് ഹമദിന്‍റെ ദീര്‍ഘവീക്ഷണം യു.എ.ഇക്ക് കരുത്ത് നല്‍കിയ ഭരണനടപടികളായാണ് വിലയിരുത്തപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.