മന്ത്രിസഭാകാര്യ മന്ത്രാലയം സന്ദർശിച്ച് ശൈഖ് ഹംദാൻ
text_fieldsഅബൂദബി: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇ മന്ത്രിസഭാകാര്യ മന്ത്രാലയം സന്ദർശിച്ചു.
മന്ത്രിസഭാ അംഗമായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം മന്ത്രാലയത്തിലെത്തുന്നത്. ഫെഡറൽ സർക്കാറിന്റെ ഘടന, പ്രധാന പദ്ധതികൾ, നിയമനിർമാണങ്ങൾ, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ശൈഖ് ഹംദാന് വിശദീകരിച്ചുനൽകി. മന്ത്രിസഭ ജനറൽ സെക്രട്ടേറിയറ്റിന്റെ നിയമനിർമാണ ചട്ടക്കൂടിനെക്കുറിച്ചും, പ്രധാനമന്ത്രിയുടെ ഓഫിസും യു.എ.ഇ ഗവ. മീഡിയ ഓഫിസും ആരംഭിച്ച സംരംഭങ്ങളുടെയും പദ്ധതികളുടെയും അവലോകനവും സന്ദർശനത്തിൽ അദ്ദേഹം നടത്തി. ഫെഡറൽ സർക്കാറും പ്രാദേശിക സർക്കാറുകളും തമ്മിലുള്ള ഏകോപനവും സംയോജനവും മുന്നോട്ടുകൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള നിലവിലുള്ള പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു. ദേശീയ മുൻഗണനകളും തന്ത്രപ്രധാന പദ്ധതികളും മുന്നോട്ടുകൊണ്ടുപോകുന്നതിൽ കൈവരിച്ച പുരോഗതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
രാജ്യത്തെ സർക്കാർ സംവിധാനം കാര്യക്ഷമതയിൽ ആഗോളതലത്തിൽ മാതൃകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. യു.എ.ഇ കൂടുതൽ പുരോഗതിയിലേക്കും നേട്ടങ്ങളിലേക്കും കുതിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾക്കും അടുത്ത തലമുറക്കും മെച്ചപ്പെട്ട ഭാവിക്ക് വഴിയൊരുക്കുകയാണ്.
ഇക്കാര്യത്തിന് എല്ലാ ഫെഡറൽ, പ്രാദേശിക ഗവൺമെന്റ് ഏജൻസികളുടെ മികച്ച ഏകോപനവും ടീം വർക്കും ആവശ്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാകാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവിയും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും ശൈഖ് ഹംദാനെ മന്ത്രാലയത്തിൽ സ്വീകരിച്ചു. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം സന്ദർശിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.