മികച്ച സർക്കാർ സ്ഥാപനങ്ങളെ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: എമിറേറ്റിലെ 2024ലെ ഏറ്റവും മികച്ച സർക്കാർ സ്ഥാപനങ്ങളെ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ഉപഭോക്തൃ സന്തോഷ സൂചികയനുസരിച്ചും തൊഴിലാളി സന്തോഷ സൂചികയനുസരിച്ചും മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 98.75 ശതമാനവും 96.7ശതമാനവുമാണ് യഥാക്രമം ഉപഭോക്തൃ സന്തോഷ സൂചികയിലും തൊഴിലാളി സന്തോഷ സൂചികയിലും സ്ഥാപനം ഇടംപിടിച്ചത്. ഉപഭോക്തൃ സൂചികയനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഹാപ്പിനസ് റേറ്റിങ് ശരാശരി 90 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപഭോക്തൃ സന്തോഷ സൂചികയിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥാപനം ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യാണ്. 97.01 ശതമാനം റേറ്റിങ്ങാണ് ‘ദീവ’ കൈവരിച്ചത്.
ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്മെന്റ് 96.99 ശതമാനം നേട്ടവുമായി പട്ടികയിൽ മൂന്നാമതെത്തി.
ജീവനക്കാരുടെ സന്തോഷ സൂചികയിൽ 96.2 ശതമാനം റേറ്റിങ്ങുമായി ഔഖാഫ് ദുബൈ രണ്ടാം സ്ഥാനത്തും 95.3 ശതമാനം റേറ്റിങ്ങുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) മൂന്നാം സ്ഥാനത്തുമെത്തി.ദുബൈ ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാം(ഡി.ജി.ഇ.പി) എല്ലാ വർഷവും സന്തോഷ സൂചിക റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. ദുബൈ സർക്കാറിന്റെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശരാശരി സന്തോഷ സൂചിക 93.8 ശതമാനമാണെന്നാണ് ഇത്തവണ രേഖപ്പെടുത്തിയത്.
സർക്കാർ ജീവനക്കാരുടെ ശരാശരി സന്തോഷ സൂചിക 86.7 ശതമാനവും ശരാശരി ഡെയ്ലി മിസ്റ്ററി ഷോപ്പർ സൂചിക 95.8 ശതമാനവുമാണ്.
പ്രവർത്തന മികവ് ട്രാക്ക് ചെയ്യുകയും താരതമ്യം ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഉപഭോക്താവിന്റെയും ജീവനക്കാരുടെയും സന്തോഷ സൂചികകൾ തയാറാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.