പരിസ്ഥിതി അവാര്‍ഡിന് തുടക്കംകുറിച്ച് അബൂദബി
text_fieldsഅബൂദബി: പ്രകൃതിസംരക്ഷണ ദൗത്യത്തിന്റെ ഭാഗമായി അബൂദബി എമിറേറ്റ്സ് പരിസ്ഥിതി അവാര്‍ഡിന് തുടക്കംകുറിച്ചു. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് പരിസ്ഥിതി പുരസ്കാരമെന്നാണ് അവാര്‍ഡിന്റെ നാമം. അബൂദബി പരിസ്ഥിതി ഏജന്‍സിയാണ് ഇത്തരമൊരു പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹരിത അജണ്ടയെ പിന്തുണക്കുന്നവര്‍ക്കായിരിക്കും മൂന്നു വിഭാഗങ്ങളിലായി പുരസ്കാരം നല്‍കുക. മത്സ്യത്തൊഴിലാളികള്‍, ഫാല്ക്കണേഴ്സും കര്‍ഷകരും, സ്വകാര്യ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും പുരസ്കാരം. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈ എക്സ്പോ സിറ്റിയില്‍ അരങ്ങേറുന്ന ആഗോള പരിസ്ഥിതി സമ്മേളനമായ കോപ് 28 വേദിയിലായിരിക്കും പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുക.
യു.എ.ഇ സുസ്ഥിരതാവര്ഷം പ്രഖ്യാപിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ കാഴ്ചപ്പാടുകള്ക്കനുസൃതമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശൈഖ് ഹംദാന്‍ പ്രസ്താവനയില്‍ അറിയിച്ചു. മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങളെ പുരസ്കാരം സഹായിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ശൈഖ സലിം അല്‍ ധാഹരി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണത്തിനും പുരസ്കാരം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. പരിസ്ഥിതി ഏജന്‍സിയുടെ വെബ്സൈറ്റിലൂടെ പുരസ്കാരത്തിനുവേണ്ടിയുള്ള നാമനിര്‍ദേശം സമര്‍പ്പിക്കാം. മേയ് 28നാണ് ഇതുമായി ബന്ധപ്പെട്ട പ്രക്രിയ ആരംഭിക്കുക. പുരസ്കാരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ഏജന്‍സി ബോധവത്കരണ ശിൽപശാലകളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.