ദുബൈ സർക്കാർ ജീവനക്കാർക്ക് നന്ദി പറഞ്ഞ് ശൈഖ് ഹംദാൻ
text_fieldsദുബൈ: പുതുവത്സര സന്ദേശത്തിൽ ദുബൈയിലെ സർക്കാർ ജീവനക്കാരുടെ സമർപ്പണത്തിനും മികവുറ്റ സംഭാവനകൾക്കും നന്ദി പറഞ്ഞ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘അർപ്പണബോധമുള്ള എന്റെ ദുബൈ സർക്കാർ ടീമിന്’ എന്ന അഭിസംബോധനയോടെയാണ് സന്ദേശം ആരംഭിക്കുന്നത്. പുതുവത്സര ആശംസകൾ നേർന്ന ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേട്ടങ്ങളെ സൂചിപ്പിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്.
ദുബൈയെ പ്രാദേശികവും ആഗോളപരവുമായ തലങ്ങളിൽ മാതൃകയാക്കിത്തീർക്കാൻ സഹായിച്ചത് ജീവനക്കാരുടെ സമർപ്പണവും മൂല്യവത്തായ സംഭാവനകളുമാണെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. മുന്നോട്ടുള്ള വഴിയിൽ നിരവധി ലക്ഷ്യങ്ങൾ നേടിയെടുക്കാനുണ്ടെന്നും ഇത് കൈവരിക്കുന്നതിന് തുടർച്ചയായ ഒത്തൊരുമ അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശം എമിറേറ്റിലെ ജീവനക്കാരിലേക്ക് എത്തിച്ചത്. എല്ലാ വർഷവും ആദ്യദിനത്തിൽ ദുബൈ സർക്കാറിന് കീഴിലെ ജീവനക്കാർക്ക് ശൈഖ് ഹംദാൻ നന്ദിയും ആശംസയും അറിയിക്കുന്ന സന്ദേശം പുറത്തിറക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.