മൂന്നു കോടി ദിർഹമിന്റെ പദ്ധതിക്ക് തുടക്കമിട്ട് ശൈഖ് ഹംദാൻ
text_fieldsദുബൈ: കുറഞ്ഞ വരുമാനമുള്ള ഇമാറാത്തി കുടുംബങ്ങളുടെ വീടുകളിൽ അഗ്നി സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന് മൂന്നു കോടി ദിർഹമിന്റെ പദ്ധതിക്ക് തുടക്കമിട്ട് ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വീടുകളിൽ തീപ്പിടിത്തമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സിവിൽ ഡിഫൻസ് അതോറിറ്റിയാണ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വീടുകളിൽ ഫയർ ഡിറ്റക്ഷൻ ഉപകരണങ്ങളും അപകട മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഒരുക്കുന്നതിനാണ് പദ്ധതി തുക ചെലവിടുക. കുറഞ്ഞ വരുമാനമുള്ള ദുബൈ നിവാസികളായിരിക്കും ഗുണഭോക്താക്കൾ. തീപ്പിടിത്തം തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള ദുബൈ ഭരണൂകടത്തിന്റെ ആദ്യ നടപടിയെന്ന നിലയിലാണ് പദ്ധതി വിശേഷിപ്പിക്കുന്നത്.
അപകടസാധ്യതയേറിയ പ്രദേശങ്ങളിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾക്ക് അഗ്നി സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിന് ഈ വർഷം തുടക്കം മുതൽ ദുബൈ സിവിൽ ഡിഫൻസ് അത്യാധുനിക നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. ഏറ്റവും കൂടുതൽ അഗ്നിബാധയുണ്ടാകുന്നത് എപ്പോൾ, എങ്ങനെയെന്ന് നിർണയിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കഴിഞ്ഞ വർഷത്തെ തീപ്പിടിത്ത സംഭവങ്ങളുടെ ഡാറ്റകളും സിവിൽ ഡിഫൻസ് അതോറിറ്റി വിശകലനം ചെയ്തിരുന്നു.
ജനുവരിയിൽ ആരംഭിച്ച ദുബൈ റെഡിനസ് പ്രോഗ്രാമിലൂടെ ശേഖരിച്ച ഈ വിവരങ്ങൾ ഉപയോഗിച്ച് ഏറ്റവും കൂടുതൽ തീപിടുത്തങ്ങൾ രേഖപ്പെടുത്തിയ ‘റെഡ് സോണുകളിൽ’ താമസിക്കുന്നവരെ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടെ യു.എ.ഇയിലെ പാർപ്പിട സമുച്ചയങ്ങളിൽ തീപ്പിടിക്കുന്ന സംഭവങ്ങളിൽ 10 ശതമാനത്തിന്റെ വർധനവമാണ് രേഖപ്പെടുത്തിയത്.
ഗുണമേൻമ കുറഞ്ഞ സുരക്ഷ ഉപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതാണ് മിക്ക അപകടങ്ങളുടെയും മൂലകാരണം. ദുരന്തമുണ്ടാകുന്നതുവരെ സുരക്ഷ കാര്യത്തിൽ പൊതുജനങ്ങൾ കാണിക്കുന്ന അശ്രദ്ധയും കാലപ്പഴക്കം ചെന്ന സ്വിച്ചുകളും വയറുകളും ഉപയോഗിക്കുന്നതും തീപ്പിടിത്തത്തിന് കാരണമാകുന്നുണ്ട്. ഇക്കാരണങ്ങൾ വിലയിരുത്തിയാണ് പാവപ്പെട്ട പൗരൻമാരുടെ വീടുകളിൽ സുരക്ഷ ഉപകരണങ്ങൾ സജ്ജമാക്കാനായി പുതിയ പദ്ധതി ദുബൈ കിരീടാവകാശി പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.