സൂഖ് അൽ ഫരീജ് സന്ദർശിച്ച് ശൈഖ് ഹംദാൻ; കർഷകർക്ക് അഭിനന്ദനം
text_fieldsദുബൈ: പാം പാർക്കിൽ നടക്കുന്ന സൂഖ് അൽ ഫരീജ് കാർഷിക പ്രദർശനം സന്ദർശിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പ്രാദേശിക കർഷകരെ സഹായിക്കാനും ഭക്ഷ്യസുരക്ഷക്ക് കരുത്ത് പകരാനും ഉപഭോക്താക്കൾക്ക് ആരോഗ്യദായകമായ ഉൽപന്നങ്ങൾ നൽകാനും സംഘടിപ്പിക്കുന്ന ഇത്തരം ഉദ്യമങ്ങൾ അഭിനന്ദനം അർഹിക്കുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു. ഇമാറാത്തി കർഷകരെ നേരിൽ കണ്ട ഹംദാൻ ഉന്നത നിലവാരമുള്ള ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്നവരെ അഭിനന്ദനം അറിയിച്ചു. ഇത്തരം സംരംഭങ്ങൾ പ്രാദേശിക- ചെറുകിട കർഷകരെയും വ്യവസായങ്ങളെയും തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്താൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക കാർഷിക മേഖലയുടെ കഴിവുകളും ഭക്ഷ്യസുരക്ഷയും മെച്ചപ്പെടുത്താനുള്ള ദുബൈയുടെ ശ്രമങ്ങളുടെ വിജയമാണ് ഇതിൽ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വദേശികളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ചതാണ് ‘സൂഖ് അൽ ഫരീജ്. ജനുവരി 10 വരെയാണ് സന്ദർശകരെ അനുവദിച്ചിരുന്നതെങ്കിലും പിന്നീട് 15ലേക്ക് നീട്ടുകയായിരുന്നു. സ്വദേശി സംരംഭകരുടെ സ്വന്തം ഉൽപന്നങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അവസരമാണ് സൂഖിൽ ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ത ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയ സൂഖ് നിരവധി സന്ദർശകരെയാണ് ആകർഷിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതും സൂഖിന്റെ പ്രത്യേകതയാണെന്ന് അധികൃതർ അറിയിച്ചു.
സംരംഭങ്ങൾക്ക് എല്ലാ ലോജിസ്റ്റിക് സൗകര്യങ്ങളും ഓൺ സൈറ്റിൽതന്നെ ഒരുക്കുകയും ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗജന്യ സ്റ്റാളുകൾ നൽകുകയും ചെയ്തതിന് പുറമെ വിവിധ തരത്തിലുള്ള ഇളവുകൾ നൽകുന്നുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെ സമാനമായ മറ്റൊരു സംരംഭമായ ഫാർമേഴ്സ് സൂഖിന്റെ രണ്ടാം സീസൺ നവംബറിൽ അൽ നഖീൽ പാർക്കിൽ ആരംഭിച്ചിട്ടുണ്ട്. ഇത് മാർച്ച് വരെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.