ഇതിഹാസ ഓർമയായി ശൈഖ് ഖലീഫ
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ കൊട്ടര മതിലുകൾ കടന്ന് ആ വാഹനവ്യൂഹം പതിയെ ഒഴുകി. മുന്നിൽ കറുത്ത വാഹനത്തിൽ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ എന്ന ഇതിഹാസ നായകൻ നിശ്ചലമായി കിടക്കുന്നുണ്ടായിരുന്നു.
താഴ്ന്നു പറക്കുന്ന പതാകൾക്കിടയിലൂടെ നിശ്ശബ്ദമായ പാതകൾ പിന്നിട്ട് വാഹനവ്യൂഹം ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മോസ്കിന്റെ മുറ്റത്ത് നിന്നു.
അച്ചടക്കത്തോടെ വരിനിന്ന സേനാംഗങ്ങൾ ഭൗതികശരീരം ഏറ്റുവാങ്ങി. പള്ളിക്കവാടത്തിൽ പ്രിയ സഹോദരന്റെ മയ്യിത്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മൻസൂർ ബിൻ സായിദും അടക്കമുള്ള പ്രമുഖർ ചുമലിലേറ്റി. തങ്ങളുടെ നേതാവും വഴികാട്ടിയുമായ മനുഷ്യന്റെ അവസാന കർമങ്ങളിലേക്ക് കടക്കുന്നതിന്റെ ദുഃഖം അവരുടെ മുഖങ്ങളിൽ തളം കെട്ടിനിന്നിരുന്നു. പള്ളി മിഹ്റാബിന്റെ സമീപം മയ്യിത്ത് വെച്ചു. പ്രാർഥന നിരതമായ മനസ്സോടെ എല്ലാവരും അണിനിരന്നു. മൗനസാന്ദ്രമായ പ്രാർഥന ഏതാനും നിമിഷത്തിനകം അവസാനിച്ചു.
തുടർന്ന് മയ്യിത്തുമായി അൽ ബതീൻ ഖബർസ്ഥാനിലേക്ക് വാഹനവ്യൂഹം പുറപ്പെട്ടു. ഒരുക്കിവെച്ച ഖബറിലേക്ക് രാജ്യത്തിന്റെ നെടുനായകന്റെ ശരീരം പതിയെ ഇറക്കിവെച്ചു. പ്രാർഥനകൾ ഉയർന്ന നിമിഷത്തിൽ മണ്ണിൽ മുട്ടുകുത്തിയിരുന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദടക്കമുള്ളവർ ഖബറിലേക്ക് മണ്ണിട്ടു. ഖബറടക്കം പൂർത്തിയാകുമ്പോൾ ഒരു യുഗത്തിന്റെ പരിസമാപ്തിക്ക് തിരശ്ശീല വീഴുന്നത് പോലെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയത്തിലേക്ക് കടക്കുകയായിരുന്നു. സന്ധ്യാപ്രാർഥനക്ക് ശേഷം യു.എ.ഇയിലെ ആയിരക്കണക്കിന് പള്ളികളിൽ പ്രത്യേകമായ നമസ്കാരം നടന്നു.
കണ്ഠമിടറിക്കൊണ്ട് പ്രപഞ്ചനാഥനോട് ആയിരങ്ങൾ പ്രിയനേതാവിന്റെ പരലോകമോക്ഷത്തിന് തേടി. അബൂദബി ശൈഖ് സായിദ് മസ്ജിദിൽ വിദേശികളും സ്വദേശികളുമടക്കം ആയിരങ്ങളാണ് നമസ്കാരത്തിനായി എത്തിയത്. ഈ നാടിനോടും ഭരണാധികാരികളോടുമുള്ള സ്നേഹത്തിന്റെ ആഴം അതിൽ വ്യക്തമായിരുന്നു. ചടങ്ങുകൾ അവസാനിച്ചപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുശോചന പ്രവാഹം നിലച്ചില്ല.
ഭരണകർത്താക്കളും സാധാരണക്കാരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശൈഖ് ഖലീഫയെ ഓർത്തു. മക്കയിലെയും മദീനയിലെയും പള്ളികളിൽ അപൂർവമായി മാത്രം നടക്കുന്ന മറഞ്ഞ മയ്യിത്തിനായുള്ള നമസ്കാരം നടന്നു.
മിക്ക ഗൾഫ് രാജ്യങ്ങളിലും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾ ഒരു ദിവസം ദുഃഖം ആചരിച്ചു. മിക്ക രാജ്യങ്ങളും ദേശീയ പതാകകൾ താഴ്ത്തിക്കെട്ടി. വിവിധ രാഷ്ട്ര നേതാക്കൾ അനുശോചനം അറിയിക്കാനായി ശനിയാഴ്ച രാവിലെ തന്നെ അബൂദബിയിലേക്ക് പുറപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ നടുത്തളത്തിൽ ശൈഖ് ഖലീഫ ലോകത്തിന് പകർന്ന സംഭാവനകൾ അനുസ്മരിക്കപ്പെട്ടു. ലോകമാധ്യമങ്ങൾ മുഖപ്പേജിൽ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു. യു.എ.ഇയിലെ പത്രങ്ങളുടെ പേജുകൾ അനുശോചന വാക്യങ്ങളാൽ നിറഞ്ഞതോടെ പകൽ പിറന്നിട്ടും പ്രിൻറ് ചെയ്തുകൊണ്ടിരുന്നു.
ഇത്തരത്തിൽ അപൂർവ ലോകനേതാക്കൾക്ക് മാത്രം ലഭിക്കുന്ന വിരോചിതമായ യാത്രാമൊഴിയാണ് ലോകം യു.എ.ഇ പ്രസിഡൻറിന് നൽകിയത്. ഇതിലൂടെ സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതം പോലെ മരണവും ചരിത്രത്തിൽ കുറിക്കപ്പെടുകയായിരുന്നു.
ഷാർജയിൽ സൗജന്യ പാർക്കിങ്
ഷാർജ: മൂന്നു ദിവസം പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ ഷാർജ എമിറേറ്റിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വരെയാണ് സൗജന്യം. ചൊവ്വാഴ്ച മുതൽ പാർക്കിങ്ങിന് പണം നൽകണം. വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളും ഉൾപ്പെടെ എല്ലാ ദിവസവും ഫീസ് ഈടാക്കുന്ന പാർക്കിങ് സോണുകളിൽ ഇളവ് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.