അനുശോചിച്ച് പ്രവാസി സംഘടനകൾ
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
ശക്തി തിയറ്റേഴ്സ് അബൂദബി
അബൂദബി: ഭരണരംഗത്ത് നൂതനമായ തീരുമാനങ്ങൾ കൈക്കൊണ്ട് രാജ്യത്തെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനെന്ന് ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡൻറ് ടി.കെ. മനോജും ജനറൽ സെക്രട്ടറി സഫറുല്ല പാലപ്പെട്ടിയും അനുശോചനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ കമ്മിറ്റി
കൽബ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ കമ്മിറ്റി, ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ.സി. അബൂബക്കർ അനുശോചനം രേഖപ്പെടുത്തി.
പി.സി.എഫ് ദുബൈ കമ്മിറ്റി
ദുബൈ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ പി.സി.എഫ് ദുബൈ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ പാത പിന്തുടർന്ന് ആധുനിക യു.എ.ഇയുടെ വളർച്ചക്ക് ശൈഖ് ഖലീഫ നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും വിയോഗം കനത്ത നഷ്ടമാണെന്നും പി.സി.എഫ് അനുശോചനസന്ദേശത്തിൽ പറഞ്ഞു.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി
അബൂദബി: ജനക്ഷേമം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച നേതാവായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനെന്ന് കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അനുസ്മരിച്ചു. യു.എ.ഇക്കും ആൽ നഹ്യാന് കുടുംബത്തിനും പ്രവാസികള്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രത്യേകം പ്രാർഥനകള്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.എം.സി.സി ഷാർജ കമ്മിറ്റി
ഷാർജ: പ്രവാസികളെ ചേർത്തുപിടിക്കാൻ മുന്നിൽനിന്ന ലോക നേതാക്കളിൽ പ്രമുഖനായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനെന്ന് ഐ.എം.സി.സി ഷാർജ കമ്മിറ്റി പ്രസിഡൻറ് താഹിർ അലി പൊറോപ്പാട്, ജന. സെക്രട്ടറി മനാഫ് കുന്നിൽ, ട്രഷറർ അഷ്റഫ് തിരുവനന്തപുരം തുടങ്ങിയവർ സംയുക്ത അനുശോചന പ്രസ്താവനയിൽ അറിയിച്ചു.
യു.എ.ഇ ഐ.എം.സി.സി
ദുബൈ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി അനുശോചിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും മാതൃകയാക്കാൻപറ്റിയ ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദർ, ജന. സെക്രട്ടറി പി.എം. ഫാറൂഖ്, ട്രഷറർ അനീഷ് നീർവേലി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒ.എൻ.സി.പി യു.എ.ഇ കമ്മിറ്റി
ദുബൈ: ശൈഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ ഒ.എൻ.സി.പി യു.എ.ഇ കമ്മിറ്റി അനുശോചിച്ചു. പ്രവാസിജനതയെ സ്വീകരിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡൻറ് രവി കൊമ്മേരി, ജന. സെക്രട്ടറി സിദ്ദീഖ് ചെറുവീട്ടിൽ എന്നിവർ പറഞ്ഞു.
അബൂദബി കേരള സോഷ്യല്‍ സെന്റര്‍
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്യാണത്തില്‍ അബൂദബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു.
യു.എ.ഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ പ്രസിഡന്റ് വി.പി. കൃഷ്ണകുമാറും ജന. സെക്രട്ടറി ലായിന മുഹമ്മദും അഭിനന്ദിക്കുകയും ചെയ്തു.
മലയാളം മിഷന് അബൂദബി
അബൂദബി: ഇന്ത്യയുമായും യു.എ.ഇയിലെ ഇന്ത്യക്കാരുമായും എന്നും അടുപ്പംസൂക്ഷിച്ചിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കേരളം പ്രളയദുരന്തം നേരിട്ടപ്പോള്‍ സഹായ ഹസ്തവുമായി മുന്നോട്ടുവന്ന ഭരണാധികാരിയായിരുന്നുവെന്ന് മലയാളം മിഷന് അബൂദബി അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ഭരണരംഗത്തെ മാതൃകാപരമായ പാത പിന്തുടരാന് കഴിയട്ടേയെന്നും കണ്‍വീനര്‍ വി.പി. കൃഷ്ണകുമാര്‍, കോഓഡിനേറ്റര്‍മാരായ സഫറുല്ല പാലപ്പെട്ടി, ബിജിത്കുമാര്‍ എന്നിവര്‍ ആശംസിച്ചു.
ലോക കേരളസഭാംഗം എ.കെ. ബീരാന്‍കുട്ടി
അബൂദബി: ലോകജനതയെ എല്ലാം ഒരുപോലെ കണ്ട ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനെന്ന് ലോക കേരളസഭ അംഗം എ.കെ. ബീരാന്‍കുട്ടി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വിടചൊല്ലി കേരളവും
അബൂദബി: കേരളത്തോട് ഏറ്റവും അടുപ്പം പുലർത്തിയിരുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേരള നേതാക്കളും. യു.എ.ഇയുടെ ആധുനികവത്കരണത്തിന് നേതൃത്വം നൽകിയ ആളാണ് ശൈഖ് ഖലീഫയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.
യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓർമിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ഈ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഭരണത്തില്‍ വനിതകള്‍ക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മന്ത്രിയെയും വനിത ജഡ്ജിയെയും നിയമിക്കുകയും സര്‍ക്കാറിലെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം പ്രാതിനിധ്യം നല്കിയതും ശൈഖ് ഖലീഫ പുലര്‍ത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ശൈഖ് ഖലീഫക്ക്. യു.എ.ഇ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വി.ഡി സതീശൻ അനുശോചന സന്ദേശത്തിൽ പറയുന്നു.
പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.എ.ഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും അതിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കാനാണ് ജീവിതം മുഴുവൻ ചെലവഴിച്ചത്. യു.എ.ഇയെ ലോകത്തിന് മാതൃകയാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധചെലുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, കോടിയേരി ബാലകൃഷ്ണൻ, രമേശ് ചെന്നിത്തല, സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.പി.എ മജീദ്, എം. നൗഷാദ്, ഉമ തോമസ് തുടങ്ങിയവരും അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.