ശൈഖ് ഖലീഫ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ്
text_fieldsഅബൂദബി: ശൈഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗശേഷം ഒഴുകിയ അനുശോചനപ്രവാഹം ജനങ്ങൾക്ക് അദ്ദേഹത്തോടുണ്ടായിരുന്ന സ്നേഹവും ആദരവും പ്രതിഫലിപ്പിക്കുന്നതാണെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിലാണ് മുൻ പ്രസിഡന്റിനോട് ജനങ്ങൾ സൂക്ഷിച്ച സ്നേഹത്തെ അദ്ദേഹം എടുത്തുപറഞ്ഞത്.
ശൈഖ് ഖലീഫക്ക് രാജ്യത്തുടനീളം ജനങ്ങളും സമൂഹങ്ങളും ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. യു.എ.ഇയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട നേതാവിനോടുള്ള ഐക്യത്തോടെയുള്ള സ്നേഹപ്രകടനം ഉചിതമായ ആദരവാണ് -അദ്ദേഹം കുറിച്ചു. ശൈഖ് ഖലീഫയുടെ മരണാനന്തര ചടങ്ങുകളുടെയും അനുസ്മരണങ്ങളുടെയും പ്രാർഥനാ ചടങ്ങുകളുടെയും ചിത്രങ്ങളടങ്ങിയ വിഡിയോയും ഇതിനൊപ്പം പങ്കുവെച്ചു.
ശൈഖ് ഖലീഫയുടെ വേർപാടിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇപ്പോഴും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. വിവിധ രാഷ്ട്രനേതാക്കളും പ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളിലും അബൂദബിയിലെത്തി സന്ദേശങ്ങൾ കൈമാറുകയുണ്ടായി. വെള്ളിയാഴ്ച യു.എൻ ജനറൽ അസംബ്ലി പ്രത്യേക അനുസ്മരണയോഗം ചേർന്നിരുന്നു. ചടങ്ങിൽ ലോകരാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ സംസാരിച്ച സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആൽ നഹ്യാൻ കുടുംബത്തിനും സർക്കാറിനും യു.എ.ഇയിലെ ജനങ്ങൾക്കും തന്റെ അനുശോചനം അറിയിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.