വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
text_fieldsദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംസാരിച്ചു. പ്രദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിവിധ സാമകാലിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. വിവിധ കാര്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും യോജിച്ച നീക്കത്തിന് ധാരണയിലെത്തുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം കൂടിക്കാഴ്ചയിൽ മന്ത്രി ശൈഖ് മുഹമ്മദിന് കൈമാറി. യു.എ.ഇക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും പ്രധാനമന്ത്രി ആശംസിച്ചു. ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ പരോഗതി ഉണ്ടാകട്ടെയെന്നും സന്ദേശത്തിൽ ആശംസിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ശൈഖ് മുഹമ്മദ് ഇന്ത്യൻ ജനതക്ക് കൂടുതൽ വികസനവും പുരോഗതിയും നേർന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ മാർഗനിർദേശം വിലമതിക്കുന്നതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ. ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.
ചർച്ചയിൽ അബുദാബി എയർപോർട്ട്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, മറ്റു അബൂദബി എക്സിക്യൂടീവ് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയ ഡോ. ജയ്ശങ്കർ ശനിയാഴ്ച ദുബൈയിൽ എക്സ്പോ നഗരിയിലെ ഇന്ത്യയുടെയും യു.എ.ഇയുടെയും പവലിയനുകൾ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.