വിവിധ രംഗങ്ങളിലെ സഹകരണം; ദക്ഷിണ കൊറിയൻ പ്രസിഡന്റ് ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
text_fieldsദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സൂക് യോലിന്റെ വാഹനം അബൂദബി ഖസ്ർ അൽ വത്ൻ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ അഭിവാദ്യം അർപ്പിക്കുന്ന സേനാംഗങ്ങൾ
അബൂദബി: യു.എ.ഇയും ദക്ഷിണ കൊറിയയും പരിസ്ഥിതി, ആണവനിലയങ്ങൾ, ഊർജം, നിക്ഷേപം, പ്രതിരോധ വ്യവസായം എന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ സഹകരിക്കാൻ ധാരണയായി. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സൂക് യോലിന്റെ നാലു ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തോടനുബന്ധിച്ചാണ് ഈ മേഖലകളിലെ സഹകരണത്തിന് ചർച്ചകൾ നടന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ശുദ്ധ ഊർജമേഖലയിലെ സഹകരണം ആഗോളവിപണിയെ സുസ്ഥിരമാക്കാൻ സഹായിക്കുമെന്ന് യുൻ സൂക് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും ഗൾഫിൽനിന്നായതിനാൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം കൊറിയയുടെ ഊർജസുരക്ഷക്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിന്റെ ഭാഗമായി അബൂദബി ഖസ്ർ അൽ വത്നിൽ യുൻ സൂകിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചർച്ചയെ തുടർന്നാണ് വിവിധ വിഷയങ്ങളിൽ യോജിച്ച് മുന്നോട്ടുപോകാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളടക്കം കൂടിക്കാഴ്ചകളിൽ ചർച്ചയായി. അബൂദബി സുസ്ഥിരതാ വീക്കിലും കൊറിയൻ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്ച അബൂദബി ശൈഖ് സായിദ് മോസ്ക് അടക്കം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ശനിയാഴ്ച അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ കൊറിയൻസംഘത്തെ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി എന്നിവരടക്കമുള്ളവരാണ് സ്വീകരിച്ചത്. യുൻ സൂകിന്റെ ഈ വർഷത്തെ ആദ്യ വിദേശ പര്യടനമാണ് യു.എ.ഇയിൽ നടക്കുന്നത്. 1980 മുതൽ നയതന്ത്രതലത്തിൽ മികച്ചബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. അബൂദബി ബറക ആണവോർജ പ്ലാന്റിന്റെ നിർമാണത്തിൽ ദക്ഷിണ കൊറിയ പ്രധാന പങ്കുവഹിച്ചിട്ടുമുണ്ട്. ബഹിരാകാശ മേഖലയിലും ഇരുരാജ്യങ്ങളും നേരത്തെ മുതൽ സഹകരിച്ചുവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.