ശൈഖ് മുഹമ്മദ് ബിൻ റാശിദ്; മന്ത്രിസഭയുടെ നായകത്വത്തിൽ 17 വർഷം
text_fieldsദുബൈ: യു.എ.ഇ മന്ത്രിസഭയുടെ തലപ്പത്ത് 17 വർഷം പൂർത്തിയാക്കി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദീർഘവീക്ഷണമുള്ള ഭരണാധിപനായും പ്രതിസന്ധികളിൽ പതറാത്ത നായകനായും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ശൈഖ് മുഹമ്മദ് എമിറേറ്റിന്റെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും നെടുംതൂൺ കൂടിയാണ്.
17 വർഷ കാലയളവിൽ 440 മന്ത്രിസഭ യോഗങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം 10,000ത്തിലേറെ തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്തു. സാമൂഹിക, സാമ്പത്തിക മേഖലകളിൽ 4200 നിയമങ്ങൾ പാസാക്കി. സാമ്പത്തിക വികസനത്തിനായി 330 സർക്കാർ നയങ്ങൾ രൂപപ്പെടുത്തി. വിവിധ രാജ്യങ്ങളുമായി 600 അന്താരാഷ്ട്ര കരാറുകളും ഒപ്പുവെച്ചു. 415 ശതകോടി ദിർഹമായിരുന്ന വിദേശവ്യാപാരം 2200 ശതകോടി ദിർഹമായി ഉയർന്നു. യു.എ.ഇയുടെ ജി.ഡി.പി 1800 ശതകോടി ദിർഹമായി ഇരട്ടിച്ചതും ഇക്കാലയളവിലാണ്.
വേഗത്തിലും മനോഹരമായും 17 വർഷങ്ങൾ കടന്നുപോയതായി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. നേട്ടങ്ങൾ നിറഞ്ഞ വർഷങ്ങളായിരുന്നു ഇത്. സർക്കാറിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നു. സർക്കാർ സേവനങ്ങൾ വികസിപ്പിച്ചു. പരമ്പരാഗത സർക്കാറിൽ നിന്ന് സ്മാർട്ട് ചാനലിലൂടെ 1,500ലധികം സേവനങ്ങൾ നൽകുന്ന നിലയിലേക്ക് മാറി. സാമ്പത്തിക മാന്ദ്യത്തിനെതിരെ പോരാടുകയും സർക്കാർ ബജറ്റ് 140 ശതമാനത്തിലേറെ ഉയർത്തുകയും ചെയ്തു. പൊതുകാര്യങ്ങൾക്കായി ചെലവഴിക്കുന്ന ലോകത്തിലെ ഫലപ്രദമായ സർക്കാറായി മാറി. 186 ആഗോള സൂചികകളിൽ യു.എ.ഇ മുൻപന്തിയിലാണ്. 430ൽ അധികം പ്രദേശിക സൂചികകളിലും മുമ്പിൽ. 17 വർഷത്തിനിടെ പലതവണ മന്ത്രിസഭ പുനഃസംഘടന നടത്തി. കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് യുവാക്കളെ പ്രേരിപ്പിച്ചു. ഇതുവരെ 66ൽ കൂടുതൽ മന്ത്രിമാരോടൊപ്പം പ്രവർത്തിച്ചു. അവരെല്ലാം ഉത്തരവാദിത്തങ്ങൾ നിറവേറ്റി. 10 വർഷത്തിനുള്ളിൽ ബഹിരാകാശ മേഖലയിലെ നിക്ഷേപം 36 ശതകോടി ദിർഹമിലെത്തി. ചൊവ്വ, ശുക്രൻ, ചന്ദ്രൻ എന്നീ ദൗത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പിന്തുണയോടെ വികസന യാത്ര തുടരുമെന്നും അദ്ദേഹം പറഞ്ഞു.
1949 ജൂലൈ 15ന് ദുബൈ ക്രീക്കിന് സമീപം അൽ ഷിന്ദഗയിലെ ആൽ മക്തൂം കുടുംബത്തിൽ മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ മകനായാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 1968ൽ 19ാം വയസ്സിൽ രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി നിയമിതനായത് മുതൽ രാഷ്ട്രനേതൃത്വത്തിൽ വിവിധ ചുമതലകൾ വഹിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.