ഈ വർഷത്തെ മുൻഗണന വിഷയങ്ങൾ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: പുതുവർഷത്തിൽ രാജ്യം മുൻഗണന നൽകുന്ന അഞ്ചു വിഷയങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഈ വർഷത്തെ ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
പാരിസ്ഥിതിക സുസ്ഥിരത, വിദ്യാഭ്യാസ മേഖലയിലെ വികസനം, ദേശീയതയുടെ ഏകീകരണം, രാജ്യത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുക, ഇമാറാത്തിവത്കരണം വേഗത്തിലാക്കുക എന്നിവക്കായിരിക്കും ഈ വർഷം മുഖ്യപരിഗണന. 2022ലെ നേട്ടങ്ങളെ കുറിച്ചും യോഗം അവലോകനംചെയ്തു. കഴിഞ്ഞ വർഷം 71 കരാറുകളാണ് രാജ്യം ഒപ്പുവെച്ചത്. സർക്കാർ പുറത്തിറക്കിയ 900 ഉത്തരവുകളും വിലയിരുത്തി. ഇതിൽ 22 സർക്കാർ നയങ്ങളും 68 ഫെഡറൽ നിയമങ്ങളും ഉൾപ്പെടുന്നു.
പുതിയൊരു യാത്ര ആരംഭിക്കുകയാണെന്നും രാജ്യത്തിന്റെ ഭാവിയിൽ ശുഭാപ്തി വിശ്വാസമാണുള്ളതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുമുള്ള ഏകോപനവും നയരൂപവത്കരണവും നടപ്പാക്കേണ്ട ചാലകമാണ് മന്ത്രിസഭ. ആഗോളതലത്തിലെ ഏറ്റവും മികച്ച സർക്കാറാണ് യു.എ.ഇയിലേത്. മികച്ച സംഘമാണ് യു.എ.ഇയുടെ വിജയത്തിന് കാരണമെന്നും അവർക്ക് അഭിനന്ദനം അർപ്പിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.