കുടുംബകാര്യങ്ങൾക്ക് പുതിയ മന്ത്രാലയം രൂപവത്കരിച്ചു
text_fieldsഅബൂദബി: കുടുംബങ്ങളുടെ ശാക്തീകരണവും കെട്ടുറപ്പും ലക്ഷ്യമിട്ട് യു.എ.ഇയില്‍ കുടുംബകാര്യ മന്ത്രാലയം രൂപവത്കരിക്കുന്നതുൾപ്പെടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് ഞായറാഴ്ച പുതിയ പ്രഖ്യാപനം നടത്തിയത്.
സന ബിൻത് മുഹമ്മദ് സുഹൈലിനാണ് കുടുംബകാര്യ മന്ത്രാലയത്തിന്റെ ചുമതല. കുടുംബങ്ങള്‍ക്കായി നയങ്ങള്‍, സംരംഭങ്ങള്‍, നിയമനിർമാണം എന്നിവ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് മന്ത്രാലയത്തിന്റെ ദൗത്യം. സുസ്ഥിരവും യോജിപ്പുള്ളതുമായ കുടുംബങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായും മന്ത്രാലയം പ്രവര്‍ത്തിക്കും. വിവാഹത്തിനായുള്ള മാനസിക തയാറെടുപ്പ്, കുടുംബങ്ങള്‍ രൂപവത്കരിക്കാന്‍ സജ്ജരാക്കല്‍, വിവാഹങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്കല്, തൊഴിലും മികച്ച ജീവിതവും ലഭ്യമാക്കാനുള്ള പിന്തുണ, കുട്ടികളുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങള്‍ ഉറപ്പാക്കുക, കുട്ടികള്‍ക്ക് സംരക്ഷണം, സമൂഹത്തില്‍ ദുര്‍ബലരായവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, സാമൂഹിക പരിപാടികളും സേവനങ്ങളും നടപ്പാക്കുന്ന സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും നിയന്ത്രിക്കുകയും ലൈസന്‍സ് നല്‍കുകയും ചെയ്യുക തുടങ്ങിയവയാണ് കുടുംബ മന്ത്രാലയത്തിന്റെ പ്രധാന ചുമതലകള്‍.
കൂടാതെ കമ്യൂണിറ്റി വികസന മന്ത്രാലയം ഇനി മുതല്‍ കമ്യൂണിറ്റി ശാക്തീകരണ മന്ത്രാലയം എന്നറിയപ്പെടുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ശമ്മ ബിന്ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂയിക്കാണ് ഈ മന്ത്രാലയത്തിന്റെ ചുമതല.
കുറഞ്ഞ വരുമാനക്കാരായ ഇമാറാത്തി കുടുംബങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാന്‍ മന്ത്രാലയം പിന്തുണ നല്‍കും. സാമൂഹിക ശാക്തീകരണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ പിന്തുണക്കുന്നതിനും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കും.
രാജ്യത്തിന് അകത്തുനിന്നോ പുറത്തുനിന്നോ സംഭാവനകള്‍ ശേഖരിക്കാന്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം നിരീക്ഷിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ചുമതലയും മന്ത്രാലയത്തിനായിരിക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാൻ എജുക്കേഷന്‍, ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് അധ്യക്ഷനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.