അൽ നിയാദി-ശൈഖ് മുഹമ്മദ് സംഭാഷണം നാളെ
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസത്തെ ദൗത്യം ആരംഭിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി സംഭാഷണം നടത്തും.
ചൊവ്വാഴ്ച യു.എ.ഇ സമയം വൈകീട്ട് 4.50നാണ് സംഭാഷണമെന്ന് നാസ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്. പരീക്ഷണ പ്രവർത്തനങ്ങൾക്ക് പുറമെ മിക്ക ആഴ്ചകളിലും വിദ്യാർഥികളുമായി സംവദിക്കാനും അൽ നിയാദി സമയം കണ്ടെത്തും. 2019ൽ യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മനസ്സൂരിയോടും ബഹിരാകാശ കേന്ദ്രത്തിലായിരിക്കെ ശൈഖ് മുഹമ്മദ് സംസാരിച്ചിരുന്നു.
നേരത്തെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് യാത്രക്ക് അവസാന മണിക്കൂർ മാത്രം ബാക്കിനിൽക്കെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോണിൽ വിളിച്ച് നിയാദിയുമായി നടത്തിയ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അൽ നിയാദിക്ക് ഒപ്പമുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രയാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.