ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈ വിമാനത്താവളം സന്ദർശിച്ചു
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. വ്യാഴാഴ്ച എയർപോർട്ടിലെത്തിയ അദ്ദേഹം അന്താരാഷ്ട്ര യാത്രക്കാർക്ക് മികച്ച അനുഭവം പകരാൻ യോജിച്ച് പ്രവർത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലോകത്തെ തിരക്കേറിയ വിമാനത്താവളം എന്ന നിലയിൽ സേവനങ്ങളുടെ ഗുണനിലവാരം ശ്രദ്ധിക്കണമെന്നും പറഞ്ഞു.
സന്ദർശനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ശൈഖ് മുഹമ്മദ്, വിമാനത്താവളത്തിലെ സേവനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നത് തുടരുമെന്ന് കുറിച്ചു. കോവിഡിന് ശേഷം വേഗത്തിൽ അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കാൻ കഴിഞ്ഞതിലൂടെയാണ് ഒന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂൺ 24 മുതൽ ജൂലൈ നാല് വരെയുള്ള പത്തു ദിവസങ്ങളിൽ 24 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. ദിനംപ്രതി ശരാശരി രണ്ടുലക്ഷത്തിലേറെ പേർ ഇതിലൂടെ സഞ്ചരിക്കുന്നു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്.
വിമാനത്താവളത്തിൽ പുതുതായി സജ്ജീകരിച്ച സംയോജിത കോണ്ടാക്ട് സെന്ററിന്റെ പ്രവർത്തനം വ്യാഴാഴ്ച ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് വിമാനത്താവളത്തിലെ ഉപഭോക്തൃ സേവന പ്രൊഫഷനലുകളുമായി എപ്പോൾ വേണമെങ്കിലും ഇഷ്ടാനുസരണം ഏത് ചാനലിലും ബന്ധപ്പെടാനുള്ള സംവിധാനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.