ശൈഖ് മുഹമ്മദ് ബിൻ റാശിദിന് 74ാം പിറന്നാൾ
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ജന്മദിനത്തിൽ ആശംസാപ്രവാഹം. ശനിയാഴ്ചയായിരുന്നു 74ാം പിറന്നാൾ.
ദുബൈയെ ലോകത്തിന് മുന്നിൽ തലയുയർത്തിനിൽക്കുന്ന വ്യാപാര-വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയതിൽ ഏറ്റവും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമെന്ന നിലയിൽ നിരവധിപേരാണ് സ്നേഹവായ്പോടെ അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസ നേർന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിതാവിന് സമൂഹമാധ്യമ അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്താണ് ആശംസകളർപ്പിച്ചത്. വിവിധ കാലങ്ങളിലെ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ദുബൈയെ വർണിക്കുന്ന കവിതയും കാണിക്കുന്നുണ്ട്.
യു.എ.ഇയിലെ പൗരന്മാരും താമസക്കാരുമായ നിരവധിപേരും സമൂഹമാധ്യമങ്ങളിൽ ആശംസകളും പ്രാർഥനകളുമായി പോസ്റ്റ് ചെയ്തു.
17 വർഷമായി ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് എമിറേറ്റിന്റെ വികസനത്തിന് ശക്തമായ നേതൃത്വമാണ് നൽകിയത്. അവസാനമായി യു.എ.ഇയുടെ ബഹിരാകാശ ദൗത്യമായ ഹോപ് പ്രോബിനും എക്സ്പോ 2020 ദുബൈ അടക്കമുള്ള കാര്യങ്ങൾ അക്കൂട്ടത്തിലുണ്ട്. 1949 ജൂലൈ 15ന് ദുബൈ ക്രീക്കിന് സമീപം അൽ ഷിന്ദഗയിലെ ആൽ മക്തൂം കുടുംബത്തിൽ മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ മകനായാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 1968ൽ ബ്രിട്ടനിലെ പഠനത്തിന് ശേഷമാണ് ആദ്യത്തെ ഔദ്യോഗിക ചുമതല വഹിച്ചുതുടങ്ങിയത്. ദുബൈ പൊലീസിന്റെയും പൊതു സുരക്ഷയുടെയും തലവനായായിരുന്നു തുടക്കം.
പിന്നീട് യു.എ.ഇ സ്ഥാപിതമായപ്പോൾ രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി നിയമിതനായി. ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമും യു.എ.ഇയുടെ സ്ഥാപനത്തിന് കൂടിക്കാഴ്ചകൾ നടത്തുന്ന ഘട്ടത്തിൽ ശൈഖ് മുഹമ്മദ് സന്നിഹിതനായിരുന്നു.
പിന്നീട് യു.എ.ഇയുടെ വളർച്ചയുടെ ഓരോ പടവുകളിലും നേതൃത്വം നൽകാൻ സാധിച്ചു.
ദുബൈയുടെ എല്ലാ വമ്പൻ വികസന പദ്ധതികൾക്കു പിന്നിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. വൺ ബില്യൺ മീൽസ് അടക്കമുള്ള പദ്ധതികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കാരുണ്യത്തിന്റെ കരംനീട്ടുന്നതിനും നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.