പ്രതിരോധ പ്രദർശനത്തിലേക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് എത്തി
text_fieldsഅബൂദബി: അന്താരാഷ്ട്ര പ്രതിരോധ പ്രദർശനങ്ങളുടെ രണ്ടാം ദിവസം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എത്തി. ഉദ്ഘാടന ദിവസം ശൈഖ് മുഹമ്മദ് ലോക രാജ്യങ്ങളിൽനിന്നെത്തിയ ഒട്ടേറെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യു.കെ, ഗ്രീസ്, റഷ്യ, ഇത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അദ്ദേഹം സ്വീകരിച്ചു. ഈ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ചർച്ച ചെയ്തു. ആഗോള പ്രതിരോധ വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഐഡെക്സ് ലോക രാജ്യങ്ങൾക്കിടയിൽ പുതിയ പങ്കാളിത്തം ഉണ്ടാക്കാൻ സഹായിക്കുന്നതായും ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇവരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ട്വീറ്റ് ചെയ്തു.
പ്രദർശനത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇ ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ നിർവഹിച്ചു. റിപ്പബ്ലിക് ഓഫ് ചെച്നിയ പ്രസിഡൻറ് റംസാൻ കാദിറോവ്, ടാറ്റർസ്ഥാൻ റിപ്പബ്ലിക് പ്രസിഡൻറ് റുസ്തം മിങ്കനോവ്, യുക്രെയ്ൻ ഉപപ്രധാനമന്ത്രിയും വ്യവസായ മന്ത്രിയുമായ ഒലെഗ് ഔർസ്കി, ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ എന്നിവർ പങ്കെടുത്തു.
യു.എ.ഇ പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബവാർദി, സായുധ സേനാ മേധാവി ലെഫ്റ്റനൻറ് ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈതി, സായുധ സേനയിലെ മുതിർന്ന കമാൻഡർമാർ എന്നിവരും പങ്കെടുത്തു. കോവിഡ് നിയന്ത്രണ നടപടികൾക്കും മുൻകരുതൽ പ്രതിരോധ നടപടികൾക്കുമിടയിൽ ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ട വി.ഐ.പികൾക്ക് മാത്രമായി ഉദ്ഘാടന ചടങ്ങ് പരിപാടി പരിമിതപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.