സൈന്യാധിപനായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
text_fieldsഅബൂദബി: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് രാജഭാരം ഏറ്റെടുക്കുമ്പോള്‍ ആഹ്ലാദത്തിലും ഏറെ ആത്മവിശ്വാസത്തിലുമാണ് യു.എ.ഇയുടെ സൈനിക വിഭാഗം. വിദേശത്തെ മിലിട്ടറി അക്കാദമിയില്‍ ബിരുദം പൂര്‍ത്തിയാക്കി തിരികെയെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വിവിധ തസ്തികകളിലാണ് രാജ്യത്തെ സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചത്. ചീഫ് ഓഫ് സ്റ്റാഫ്, ലെഫ്റ്റനന്റ് ജനറല്‍, ജനറല്‍ പദവി തുടങ്ങിയവ വഹിച്ച് വ്യോമസേനയുടെയും വ്യോമ പ്രതിരോധ വിഭാഗത്തിന്റെയും കമാന്‍ഡറായും പ്രവര്‍ത്തിച്ചു.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ സൈനിക ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുള്ള ശൈഖ് മുഹമ്മദ് സുരക്ഷ വിഷയങ്ങളില്‍ പ്രധാന ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. യു.എ.ഇ രൂപവത്കരിച്ചതുമുതല്‍ സായുധസേനയുടെ ഘട്ടങ്ങളായുള്ള നവീകരണ പ്രവൃത്തികള്‍ക്ക് പുതുമുഖം കൈവന്നത് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ കൂടി നിർദേശങ്ങളോടെയാണ്. ആഭ്യന്തര-വൈദേശിക ശത്രുക്കളെ ചെറുക്കുന്നതിന് നവീനവും ലോകോത്തരവുമായ സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുന്‍കൈയെടുത്തു. ഇതിലൂടെ അന്താരാഷ്ട്ര സൈനിക സംഘടനകളുടെ പ്രശംസക്ക് പാത്രമാകാന്‍ യു.എ.ഇ സായുധ സേനക്ക് കഴിഞ്ഞു.
10 വയസ്സുവരെ മൊറോക്കോയിലെ റബാത്തിലെ റോയല്‍ അക്കാദമിയിലായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ വിദ്യാഭ്യാസം. 1971 ഡിസംബര്‍ രണ്ടിന് യു.എ.ഇ രൂപവത്കരണ പ്രഖ്യാപന ദിനത്തിൽ ശൈഖ് മുഹമ്മദിന് 10 വയസ്സ് തികഞ്ഞിരുന്നു. 1979 ഏപ്രിലില്‍ യു.കെയിലെ പ്രശസ്തമായ സാന്‍ഹര്‍സ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍നിന്ന് ബിരുദം നേടി.
സാന്‍ഹര്‍സ്റ്റ് റോയല്‍ മിലിട്ടറിയിലെ പഠനവേളയില്‍ ഫ്ലൈയിങ്- പാരച്യൂട്ട് പരിശീലനങ്ങളും സ്ക്വാഡ്രണ്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളും ഹെലികോപ്ടറുകളും പറപ്പിക്കാനും പരിശീലിച്ചു. ഈ കാലത്ത് മലേഷ്യയിലെ രാജകുമാരന് സുല്‍ത്താന്‍ അബ്ദുല്ലയുമായി സൗഹൃദത്തിലായി. സാന്‍ഹര്‍സ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍ ഓഫിസര്‍ കാഡറ്റുകളായിരുന്നു ഇരുവരും. ഷാര്‍ജയിലെ ഓഫിസര്‍മാരുടെ പരിശീലന കോഴ്സില്‍ ചേരാന്‍ യു.എ.ഇയിലേക്ക് മടങ്ങി അമീരി ഗാര്‍ഡില്‍ (ഇപ്പോള്‍ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്) ഉദ്യോഗസ്ഥനായി. യു.എ.ഇ വ്യോമസേനയില്‍ പൈലറ്റായും യു.എ.ഇ മിലിട്ടറിയില്‍ വിവിധ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു.
പട്ടാള നിഷ്ഠയില്‍ സേവനം തുടരുമ്പോള്‍ തന്നെ സ്വദേശത്തും വിദേശത്തും ഒരുപോലെ ജനകീയ മുഖം കൈവരിക്കാനും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് കഴിഞ്ഞു. ബഹുസ്വരതയുടെ പങ്കുവെക്കലുകളിലാണ് പുരോഗതിയുടെ ഉത്തുംഗതയിലെത്താനാവുകയെന്ന സന്ദേശമാണ് വിവിധ നടപടികളിലൂടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ലോകത്തിന് നല്‍കിയത്.
മലയാളികളടങ്ങുന്ന വിവിധ ദേശക്കാര്‍ക്ക് അവരുടെ സംസ്കാരവും ആദര്‍ശവും ആചാരങ്ങളും പുലര്‍ത്തി സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അനുവദിക്കുമ്പോള്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ലോകത്തിന് നല്‍കുന്നത് മാനവിതകയുടെ ഉജ്ജ്വല വിളംബരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.