ശൈഖ് മുഹമ്മദ് ബിൻ സായിദ് തുർക്കിയിൽ
text_fieldsദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന് തുർക്കിയിലെത്തി. ബുധനാഴ്ച വൈകീട്ട് അങ്കാറയിലെത്തിയ ശൈഖ് മുഹമ്മദിനെ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. ഉർദുഗാെൻറ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മുഹമ്മദിെൻറ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്ന് യു.എ.ഇ വാർത്ത ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
തുർക്കിയിലെത്തിയ ശൈഖ് മുഹമ്മദിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഉർദുഗാൻ നേരിട്ട് പങ്കെടുത്ത സ്വീകരണത്തിൽ യു.എ.ഇയുടെയും തുർക്കിയുടെയും ദേശീയഗാനങ്ങൾ ആലപിക്കുകയും പതാക ഉയർത്തുകയും ചെയ്തു. ശൈഖ് മുഹമ്മദിന് ആദരസൂചകമായി സൈനികർ ഗാർഡ് ഓഫ് ഓണറിനൊപ്പം 21ഗൺ സല്യൂട്ടും മുഴക്കി. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം, ബിസിനസ് പങ്കാളിത്തം, നിക്ഷേപം എന്നിവ മെച്ചപ്പെടുത്തി സാമ്പത്തികമൂല്യം സൃഷ്ടിക്കുക എന്നതാണ് ശൈഖ് മുഹമ്മദിെൻറ സന്ദർശനത്തിെൻറ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹത്തെ അനുഗമിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തിലെ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജബർ പറഞ്ഞു. തുർക്കിയിൽ 10 ബില്യൺ ഡോളറിെൻറ നിക്ഷേപ ഫണ്ട് സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും മേഖലയിലെ രണ്ടു സുപ്രധാന സാമ്പത്തിക ശക്തികളാണെന്നും കൂടുതൽ സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്ക് വേണ്ടി യു.എ.ഇയും തുർക്കിയും ഒരുമിച്ചുപ്രവർത്തിക്കുന്ന സാഹചര്യത്തിൽ സന്ദർശനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം തുർക്കി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.വിവിധ മേഖലകളിലെ പങ്കാളിത്തവും പൊതു താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അവലോകനം ചെയ്യും.
വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഇരുനേതാക്കളും ഫോൺ വഴി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് ശൈഖ് മുഹമ്മദിനെ ഉർദുഗാൻ രാജ്യത്തേക്ക് ക്ഷണിച്ചത്. വ്യാപാരം, ഗതാഗതം, ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്താൻ ആലോചിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ള സംഘം ശൈഖ് മുഹമ്മദിനെ സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.