ശൈഖ് മുഹമ്മദ് ബിൻ സായിദ് ഖത്തർ സന്ദർശിച്ചു
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന് ഖത്തറിലെത്തി. ലോകകപ്പ് ഫുട്ബാൾ മാമാങ്കം അരങ്ങേറുന്ന ഖത്തറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനമെന്ന് യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ യു.എ.ഇ പ്രസിഡൻറിനെ അമീർ സ്വീകരിച്ചു. അറബ് രാജ്യങ്ങളുടെ ഉപരോധം പിൻവലിച്ചശേഷം ആദ്യമായാണ് യു.എ.ഇ പ്രസിഡന്റ് ഖത്തറിൽ എത്തുന്നത്.
ഔദ്യോഗിക സ്വീകരണച്ചടങ്ങുകൾക്കുശേഷം ദോഹയിലെ അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ സഹകരണം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ചചെയ്തു.
51ാം ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്ക് ആശംസകൾ നേർന്ന അമീർ, ശൈഖ് മുഹമ്മദിന്റെ സന്ദർശനം യു.എ.ഇ-ഖത്തർ സഹകരണത്തിൽ പുതിയ ചക്രവാളങ്ങൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഫിഫ ഫുട്ബാൾ ലോകകപ്പിന് വിജയകരമായി ആതിഥ്യമരുളിയ ഖത്തർ നടപടി ഗൾഫിനും അറബ് ലോകത്തിനും അഭിമാനമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
നേരത്തെ ലോകകപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി ടൂർണമെന്റിന് എല്ലാ പിന്തുണയും യു.എ.ഇ പ്രസിഡന്റ് അറിയിച്ചിരുന്നു. യു.എ.ഇയിൽനിന്ന് ഉന്നത മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രസിഡൻറിനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. ഗൾഫ് ഐക്യവും സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ് സന്ദർശനമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു.വിവിധ ഗൾഫ് രാജ്യങ്ങളും ഖത്തറും തമ്മിൽ നയതന്ത്രപ്രതിസന്ധി സൃഷ്ടിച്ച 2017ലെ ഉപരോധം 2021 ജനുവരിയിൽ സൗദിയിലെ അൽ ഉലയിൽ ഒപ്പുവെച്ച കരാറോടെയാണ് അവസാനിച്ചത്. ഇതിനെ തുടർന്ന് യു.എ.ഇയുടെയും ഖത്തറിന്റെയും പ്രതിനിധികൾ വിവിധതലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി.
എന്നാൽ, ഉപരോധശേഷം യു.എ.ഇ പ്രസിഡന്റ് ഖത്തറിലെത്തുന്നത് ആദ്യമായാണ്. യു.എ.ഇ പ്രസിഡൻറായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് അനുശോചനമറിയിക്കാൻ ശൈഖ് തമീം അബൂദബിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.