ഇന്ത്യയെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ചന്ദ്രയാൻ-3 പേടകം ചന്ദ്രനിൽ വിജയകരമായി ഇറക്കിയ ഇന്ത്യയുടെ ദൗത്യത്തിൽ ആഹ്ലാദവും സന്തോഷവും പ്രകടിപ്പിച്ച് യു.എ.ഇ ഭരണാധികാരികൾ. ചാന്ദ്രദൗത്യം പൂർത്തീകരിച്ച ഉടൻ സമൂഹമാധ്യമത്തിലൂടെയാണ് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്ത്യക്കും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്കും അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്.
‘‘ചന്ദ്രയാൻ-3 പേടകത്തെ ചന്ദ്രനിൽ വിജയകരമായി ഇറക്കിയ ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അഭിനന്ദനം. പരിശ്രമത്തിലൂടെയാണ് രാജ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇന്ത്യൻ ശാസ്ത്രസമൂഹത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണീ വിജയം’’ -ശൈഖ് മുഹമ്മദ് എക്സിലൂടെ പറഞ്ഞു.
ചന്ദ്രയാൻ-3 വിജയിപ്പിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനമറിയിക്കുന്നതായി പൊതുവിദ്യാഭ്യാസ, സാങ്കേതികവിദ്യ മന്ത്രി സാറ അൽ അമീരിയും എക്സിൽ കുറിച്ചു. ചന്ദ്രനിൽ പര്യവേക്ഷണ പേടകം വിജയകരമായി ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യരാജ്യവും ഇന്ത്യയാണ്. മനുഷ്യപര്യവേക്ഷണ രംഗത്ത് ചരിത്രദിനമാണ് പിറന്നതെന്നും അൽ അമീരി എക്സിൽ കുറിച്ചു. അതേസമയം, ചാന്ദ്രപര്യവേക്ഷണ യാത്രയിൽ ഇന്ത്യ നടത്തിയ കുതിച്ചുചാട്ടം ആഗോള ശാസ്ത്രസമൂഹത്തിന് മൂല്യവത്തായ വിവരങ്ങൾ സമ്മാനിക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.