ഗസ്സയിലേക്ക് ദുരിതാശ്വാസ ഓപറേഷന് ശൈഖ് മുഹമ്മദിന്റെ നിർദേശം
text_fieldsഅബൂദബി: യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിന് ജീവകാരുണ്യ ഓപറേഷൻ പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രതിരോധ മന്ത്രാലയത്തിന്റെ ജോയന്റ് ഓപറേഷൻസ് കമാൻഡിനോടാണ് പ്രസിഡന്റ് ഓപറേഷൻ ആരംഭിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ഗാലന്റ് നൈറ്റ്-3 എന്നുപേരിട്ട ഓപറേഷന് കീഴിൽ എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള യു.എ.ഇയിലെ ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ചു നീങ്ങാൻ നിർദേശത്തിൽ പറയുന്നുണ്ട്. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലും അബൂദബിയിലെ ആരോഗ്യ വകുപ്പിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർക്ക് സംരംഭത്തിന്റെ ഭാഗമായി സന്നദ്ധപ്രവർത്തനത്തിനും അനുമതി നൽകിയിട്ടുണ്ട്. റെഡ് ക്രസന്റ്, യു.എ.ഇ ഹ്യുമാനിറ്റേറിയൻ, ചാരിറ്റബിൾ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും സന്നദ്ധസേവനം നടത്താം.
നേരത്തെ ഗസ്സയിലേക്ക് സഹായ വസ്തുക്കൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കേന്ദ്രങ്ങൾ തുറന്നിരുന്നു. എമിറേറ്റ്സ് റെഡ് ക്രസൻറാണ് സഹായവസ്തുക്കൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാൻ സംവിധാനം ഒരുക്കിയത്.
അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽഐൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഒക്ടോബർ 15ന് പ്രഖ്യാപിച്ച ‘തറാഹും-ഫോർ ഗസ്സ’ എന്ന കാമ്പയിനിന്റെ ഭാഗമായി തയാറാക്കിയ കിറ്റുകൾ ഇതിനകം ഈജിപ്തിലേക്ക് എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.