ശൈഖ് മുഹമ്മദ് ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും പരസ്പര താൽപര്യമുള്ള വിഷയങ്ങളും സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകളും നേതാക്കൾ ചർച്ചയിൽ പങ്കുവെച്ചു. അതോടൊപ്പം വിവിധ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലും നിലപാടുകൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു.
ഗസ്സയിൽ ഉടനടി വെടിനിർത്തൽ കൈവരിക്കുന്നതിനും സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇരുവരും വ്യക്തമാക്കി. ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ ശാശ്വതമായ സമാധാനം കൈവരിക്കുന്നത് സംബന്ധിച്ച ആഗ്രഹവും നേതാക്കൾ പങ്കുവെച്ചു.
അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ്, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഖത്തറിന്റെ ഭാഗത്തുനിന്ന് യോഗത്തിൽ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരടക്കം മുതിർന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
2026ൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിന് യു.എ.ഇയുടെ പിന്തുണയുണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ യു.എ.ഇ പിൻവലിക്കുകയും ചെയ്യും. സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിൽ അമീറിനും ഖത്തറിനും എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു. ഖത്തറിനെ പിന്തുണച്ച നടപടിയിൽ ശൈഖ് തമീം നന്ദി പറഞ്ഞു. കൂടിക്കാഴ്ചക്കുശേഷം അമീർ വൈകുന്നേരത്തോടെ മടങ്ങി.
ഇരട്ട നികുതി ഒഴിവാക്കി യു.എ.ഇയും ഖത്തറും
ദോഹയിൽ നടന്ന ജി.സി.സി ധനകാര്യ കമ്മിറ്റി യോഗത്തിലാണ് കരാർ ഒപ്പുവെച്ചത്
ദുബൈ: ഇരട്ട നികുതി ഒഴിവാക്കാനും ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനുമായി കരാറിൽ ഒപ്പുവെച്ച് ഖത്തറും യു.എ.ഇയും. ദോഹയിൽ നടന്ന ജി.സി.സി സാമ്പത്തിക സഹകരണ കമ്മിറ്റി യോഗത്തിലാണ് ഇരു രാജ്യങ്ങളുടെയും ധനകാര്യ മന്ത്രിമാർ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ വ്യക്തികളുടെയും കമ്പനികളുടെയും നികുതി വിവരങ്ങള്‍ പരസ്പരം കൈമാറാനും നികുതിവെട്ടിപ്പും നികുതി സംബന്ധമായ രേഖകളുടെ ദുരുപയോഗം തടയാനും കഴിയും. ദോഹയിൽ നടന്ന സാമ്പത്തിക സഹകരണ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും കരാറിൽ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നേട്ടമുണ്ടാകുന്നതാണ് പുതിയ കരാർ. ഒപ്പം, രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും കമ്പനികളെയും വ്യക്തികളെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഇരട്ട നികുതിയിൽ നിന്ന് പൂർണമായ സംരക്ഷണവും ഉറപ്പാക്കും.
സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റത്തിൽ സുതാര്യത ഉറപ്പാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയുമെന്ന് കരാറിൽ ഒപ്പുവെച്ചുകൊണ്ട് ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു. സർക്കാറുകളും വ്യക്തികളും തമ്മിലുള്ള വ്യാപാര സഹകരണവും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ഇതുവഴി കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.