ശൈഖ് മുഹമ്മദ് ജോർഡനിൽ; അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ജോർഡൻ തലസ്ഥാനമായ അമ്മാനിലെത്തി. ബുധനാഴ്ച അമ്മാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ജോർഡൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവും കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ബസ്മാൻ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്കുശേഷം ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള വിവിധ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
ചരിത്രപരമായ ബന്ധം നിലനിർത്താനും സാമ്പത്തിക സഹകരണം, നിക്ഷേപം, വികസന അവസരങ്ങൾ എന്നിവയിൽ കൂടുതൽ യോജിച്ച് പ്രവർത്തിക്കാനും നേതാക്കൾ ചർച്ചയിൽ ധാരണയായി. യു.എ.ഇയും ജോർഡനും പ്രാദേശിക സ്ഥിരതക്കും സാമ്പത്തിക മുന്നേറ്റത്തിനും ഒരുമിച്ചുപ്രവർത്തിക്കുമെന്ന് തുടർന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ശൈഖ് മുഹമ്മദിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്ത അബ്ദുല്ല രാജാവ്, ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലെ ബന്ധം യഥാർഥ അറബ് ബന്ധത്തിന്റെ മോഡലാണെന്നും കുറിച്ചു. യു.എ.ഇ വൈസ്പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയ പ്രമുഖർ ശൈഖ് മുഹമ്മദിനൊപ്പം യു.എ.ഇ സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.